ന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്‍ജ്ജം പകരാന്‍ പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. സംഘടനയില്‍ ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. നിലവില്‍ ബി.ജെ.പി എം.പിമായാണ് ശത്രുഘ്‌നന്‍ സിന്‍ഹ. തനിക്കൊപ്പം മറ്റു ചില ബി.ജെ.പി നേതാക്കളും പുതിയ സംഘടനയില്‍ എത്തുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ അവകാശപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാഷ്ട്രീയ കര്‍മ്മ സംഘടന എന്നാണ് രാഷ്ട്ര മഞ്ചിനെ യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്. ഇതോടെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പ് ബി.ജെ.പിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് ഉറപ്പായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരി, എന്‍.സി.പി നേതാവ് മജീദ് മേമന്‍, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത, ജെ.ഡി.യു നേതാവ് പ്രവീണ്‍ വര്‍മ്മ, എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ ദിനേശ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവായ സുരേഷ് മേത്ത 1995-96 കാലയളവില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയായിരുന്നു. ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി, മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ സോം പാല്‍, ഹര്‍മോഹന്‍ ധവാന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ബി.ജെ.പിക്കുള്ളില്‍ വേദി നല്‍കാത്തതിനാലാണ് പുതിയ സംഘടനയെ പിന്തുണക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഇതിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ട. രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലായി മാത്രം കണ്ടാല്‍ മതി- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
മഹാത്മജി വേടിയേറ്റു മരിച്ച, 70 വര്‍ഷം മുമ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കര്‍ഷകരെ മോദി സര്‍ക്കാര്‍ വെറും യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കില്ല. പകരം കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി നിലകൊള്ളും. ദേശീയ വിഷയങ്ങള്‍ സംഘടന ഉയര്‍ത്തിക്കൊണ്ടുവരും. ബി.ജെ.പിക്കുള്ളില്‍ എല്ലാവരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഞങ്ങള്‍ക്ക് ആ പേടിയില്ല. രാജ്യം അപകടകരമായ രീതിയില്‍ ഒരു ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയാതിരിക്കാന്‍ കഴിയില്ല. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേരത്തെ എന്‍.ഡി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്നിട്ടുള്ള യശ്വന്ത് സിന്‍ഹ പറഞ്ഞു.