കൊച്ചി : ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് എറണാകുളത്തെ യമുന മേനോനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. ബിഎ എല്‍എല്‍ബി കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കി. ഒപ്പം 18 സ്വര്‍ണമെഡലുകളും. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും നേട്ടം ഒരുമിച്ച് നേടിയ വിദ്യാര്‍ഥി വേറെയില്ലെന്ന് അവര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളം ഉദയംപേരൂരില്‍ താമസിക്കുന്ന എളങ്കുന്നപ്പുഴ തച്ചപ്പിള്ളില്‍ മോഹന്‍കുമാറിന്റെയും ഉഷയുടെയും മകള്‍ യമുന മേനോന്‍ നിയമപഠനത്തിലെത്തിയതിനു പിന്നില്‍ ഒരു സംഭവമുണ്ട്. എന്‍ജിനീയറിങ്ങിലെ സീറ്റുപേക്ഷിച്ചാണ് യമുന നിയമം തിരഞ്ഞെടുത്തത്.
അയല്‍വാസിയായ ഒരു സീനിയര്‍ അഭിഭാഷകനെ പുസ്തകരചനയില്‍ സഹായിക്കാന്‍ അവസരം കിട്ടിയതോടെയാണ് യമുനയില്‍ നിയമ പഠനം എന്ന താല്‍പര്യം ജനിച്ചത്. പുസ്തകരചനയിലുടനീളം കണ്ട കോടതിക്കഥകളില്‍ ത്രില്ലടിച്ച് നിയമം പഠിക്കാന്‍ തീരുമാനിച്ചു.
ആദ്യ ശ്രമത്തില്‍ പ്രവേശനം ലഭിച്ചില്ല. എങ്കിലും വളരെ ക്ഷമയോടെ ഒരു വര്‍ഷമിരുന്ന് പഠിച്ചു. വേറെ കോഴ്‌സുകള്‍ക്കൊന്നും പോയില്ല. പിന്നീട് പ്രവേശന പരീക്ഷയായ ക്ലാറ്റില്‍ 28ാം റാങ്ക് ലഭിച്ചു. 2015ല്‍ ബെംഗളൂരുവില്‍ ചേര്‍ന്നു. പഠന കാലയളവില്‍ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലുള്‍പ്പെടെ സജീവം. ലണ്ടനിലും സിങ്കപ്പൂരിലുമെല്ലാം നടന്ന മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്തു. നേപ്പാളിലേക്കുള്ള യുവ പ്രതിനിധി സംഘത്തിലും അംഗമായി. പങ്കെടുക്കാനായി.
കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചെങ്കിലും തുടര്‍പഠനമാണ് ലക്ഷ്യം. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ എല്‍.എല്‍.എം. ചെയ്യാനൊരുങ്ങുകയാണ്.
അടുത്ത മാസം ക്ലാസ് തുടങ്ങും. പഠനശേഷം യു.എന്‍. പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.
എട്ടാം ക്ലാസ് വരെ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാലയത്തിലാണ് യമുന പഠിച്ചത്. ഒന്‍പതു മുതല്‍ 12 വരെ എരൂര്‍ ഭവന്‍സിലും. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയും ഹെഡ് ഗേളുമായിരുന്നു. ഓണ്‍ലൈനിലൂടെ കഴിഞ്ഞ ദിവസമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനം.