ഹമാസിന് വേണ്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഈജിപ്തിനെ ചുമതലപ്പെടുത്തുന്നതിന് പകരമായി കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന് ഗസ്സയില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരം അറബ് മധ്യസ്ഥര്‍ വാഗ്ദാനം ചെയ്തതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.
ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഞാന്‍ ഉപരോധത്തിലല്ല, ഞാന്‍ ഫലസ്തീന്‍ മണ്ണിലാണുള്ളത്’ എന്ന് മുമ്പ് അറബ് മധ്യസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ലയുടെ വധത്തിന് പിന്നാലെ ഒത്തുതീര്‍പ്പിനായി കൂടുതല്‍ സമ്മര്‍ദമുണ്ടാകുമെന്ന് സിന്‍വാര്‍ ഹമാസിന്റെ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം സമ്മര്‍ദത്തെ ചെറുക്കാന്‍ അദ്ദേഹം ഉപദേശിച്ചുവെന്നും അറബ് മധ്യസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ മരണസാധ്യത മുന്നില്‍ കണ്ടതിനാല്‍ അതിനായുള്ള തയാറെടുപ്പുകളും സിന്‍വാര്‍ എടുത്തിരുന്നു. താന്‍ മരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇസ്രാഈല്‍ കൂടുതല്‍ ചായ്‌വ് കാണിക്കുമെന്ന് അദ്ദേഹം ഹമാസ് അംഗങ്ങളെ അറിയിച്ചിരുന്നു. തന്റെ അഭാവത്തില്‍ ഭരിക്കാന്‍ ഒരു നേതൃസമിതി രൂപീകരിക്കണം. തന്റെ മരണശേഷവും ഇസ്രാഈലുമായി ചര്‍ച്ച നടത്താന്‍ ഹമാസ് കൂടുതല്‍ ശക്തമായ നിലയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.