X

അച്ഛന്റെ സ്വപ്‌നമായിരുന്നു യദുകൃഷ്ണയുടെ കഥകളി വിജയം

കോഴിക്കോട്: മൂത്തമകന്‍ ഹരികൃഷ്ണനെ പോലെ ഇളയമകനും കഥകളിയില്‍ വലിയ വിജയങ്ങളുണ്ടാകണമെന്നായിരുന്നു കലാനിലയം ഗോപിനാഥന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അച്ഛന്‍ പഠിപ്പിച്ച കഥകളി അവതരിച്ച് സംസ്ഥാനതലത്തില്‍ വിജയിയാവുമ്പോള്‍ അതു കാണാന്‍ അച്ഛന്‍ കൂടെയില്ല എന്ന സങ്കടത്തിലാണ് യദു കൃഷ്ണന്‍. രണ്ടു മാസം മുന്‍പാണ് പ്രശസ്ത കഥകളി വേഷം കലാകാരന്‍ കലാനിലയം ഗോപിനാഥന്‍ മരണപ്പെട്ടത്. അച്ഛന്റെ വലിയ ആഗ്രഹമെന്ന നിലക്ക് യദു കൃഷ്ണന്‍ പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു.

മൂത്ത സഹോദരന്‍ ഹരികൃഷ്ണന്‍ കൂടെ നിന്നു. മത്സരത്തില്‍ കൂടുതല്‍ മികവു പുലര്‍ത്താന്‍ കലാനിലയം ഗോപിയാശാന്റെ കീഴില്‍ പരിശീലനം തുടര്‍ന്നു. രുഗ്മിണി സ്വയം വരത്തിലെ കൃഷ്ണന്റെ ഭാഗമാണ് യദു കൃഷ്ണന്‍ അവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്നു കലാനിലയം ഗോപിനാഥന്‍. കലാമണ്ഡലം കഥകളി വേഷം അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രഷീജയാണ് അമ്മ. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യദു കൃഷ്ണന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാലുവട്ടം തുടര്‍ച്ചയായി കഥകളിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള സഹോദരന്‍ ഹരികൃഷ്ന്‍ അനിയനെയും കലാരംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്.

webdesk11: