X

എസ്.പിയിലെ വെടിനിര്‍ത്തലിലും കൊമ്പുകോര്‍ത്ത് അഖിലേഷും ശിവ്പാലും

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ വകുപ്പുകളേക്കാളും കൂടുതല്‍ കാര്യങ്ങള്‍ തന്റെ വകുപ്പുകള്‍ ചെയ്തതായി ശിവ്പാല്‍ പറഞ്ഞു.

തനിക്ക മുഖ്യമന്ത്രിയാകേണ്ടതില്ല. വര്‍ഷങ്ങളായി സമാജ്‌വാദി പാര്‍ട്ടിക്ക് വിയര്‍പ്പും അധ്വാനവും നല്‍കിയ ആളാണ് താന്‍. പാര്‍ട്ടി ചെയ്യാന്‍ പറഞ്ഞതാണ് എന്നും ചെയ്തത്. മുഖ്യമന്ത്രിയായി അഖിലേഷ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നാലു വര്‍ഷം മന്ത്രിയായിരുന്നപ്പോള്‍ താനും കഠിനമായാണ് പരിശ്രമിച്ചത്. പൊതുമരാമത്ത്, സഹകരണം അടക്കമുള്ള വകുപ്പില്‍ താന്‍ നടത്തിയ ഭരണപരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അഖിലേഷിന് പരിശോധിക്കാമെന്നും ശിവപാല്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ പാര്‍ട്ടിയിലേക്ക് അതിക്രമിച്ചു കയറി ഭിന്നതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

അഖിലേഷിന് എന്നെ എന്തും പറയാം. ഞാന്‍ മറുത്തൊന്നും പറയില്ല. ഈ പാര്‍ട്ടി നല്‍കാന്‍ പറഞ്ഞാല്‍ രക്തം പോലും കൊടുക്കാന്‍ സന്നദ്ധമാണ്. എല്ലാ കാലത്തും നേതാജിക്ക് (മുലായം സിങ് യാദവ്) കൂറുള്ളയാളായിരിക്കും താന്‍- ശിവ്പാല്‍ വ്യക്തമാക്കി. ചടങ്ങില്‍ ശിവ്പാലിന്റെ പേരെടുത്തു പറയാതെയായിരുന്നു അഖിലേഷിന്റെ വിമര്‍ശം. ചിലര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നും പാര്‍ട്ടി നശിക്കുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകുമെന്നും അഖിലേഷ് പറഞ്ഞു. തന്നെ മരണ ശേഷം മനസ്സിലാകുമെന്ന് രാം മനോഹര്‍ ലോഹ്യ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നശിച്ച ശേഷമാണ് തന്നെ ചിര്‍ക്ക് മനസ്സിലാകുക. നിങ്ങളെനിക്ക് വാളെടുത്തു നല്‍കി. എന്നാല്‍ അത് ഉപയോഗിക്കാന്‍ അധികാരം തന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നതിനിടെയാണ് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പരസ്പരം ആരോപണങ്ങളുന്നയിച്ചത്.
മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്, ജെഡിയു നേതാവ് ശരത് യാദവ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാല, കെ.സി.ത്യാഗി, പ്രശസ്ത അഭിഭാഷകന്‍ റാം ജെഠ്മലാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചടങ്ങിനെത്തിയില്ല.

chandrika: