X

സാവിക്ക് എളുപ്പമല്ല ജോലി

സാവി തന്നെ, അല്‍സദ്ദ് അനുമതി

അതെ, ബാര്‍സയുടെ അമരത്ത് സാവി തന്നെ. സ്വന്തം കോച്ചിന് വിടുതല്‍ നല്‍കാന്‍ ഖത്തര്‍ ക്ലബായ അല്‍ സദ്ദ് തീരുമാനിച്ചതോടെയാണ് സാവിക്ക് മുന്നില്‍ തടസം അകന്നത്. കരാര്‍ പ്രകാരം ഇപ്പോള്‍ സാവി അല്‍സദ്ദിന്റെ മുഖ്യ പരിശീലകനാണ്. കാലാവധി പൂര്‍ത്തിയാവും മുമ്പ് സാവിയെ വിടാന്‍ പ്രയാസമുണ്ടെന്ന് കഴിഞ്ഞ ദിവസം അല്‍ സദ്ദ് വ്യക്തമാക്കിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഖത്തര്‍ ക്ലബ് നിലപാട് മാറ്റി. 41 കാരനായ കോച്ചിന് വിജയാശംസകള്‍ നേര്‍ന്ന് അല്‍ സദ്ദ് രംഗത്ത് വന്നപ്പോള്‍ രാജ്യാന്തര ഇടവേളക്ക് ശേഷം സാവി ബാര്‍സക്കൊപ്പം ചേരുമെന്ന് വ്യക്തമായി.

ബാര്‍സക്ക് വേണ്ടി 779 മല്‍സരങ്ങള്‍ കളിച്ചിരുന്നു അദ്ദേഹം. മെസിക്കൊപ്പം 25 കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. കളം വിട്ട ശേഷം അദ്ദേഹം ഖത്തറിലേക്ക് വരുകയായിരുന്നു. അല്‍ സദ്ദില്‍ ആദ്യം താരവും പിന്നെ സൂപ്പര്‍ കോച്ചുമായി മാറി. കഴിഞ്ഞ വര്‍ഷം അല്‍ സദ്ദായിരുന്നു ഖത്തര്‍ ലീഗിലെ ചാമ്പ്യന്മാര്‍. ഇത്തവണ തുടര്‍ച്ചയായി 36 മല്‍സരങ്ങളില്‍ ടീം പരാജയമറിഞ്ഞിട്ടുമില്ല. സാവിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹത്തിന് വിടുതല്‍ നല്‍കുന്നതെന്ന് ഇന്നലെ അല്‍ സദ്ദ് മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ കരാറിലെ വിടുതല്‍ വ്യവസ്ഥ പ്രകാരമാണ് പുതിയ താവളത്തിലേക്ക് പോവുന്നത്. വിടുതല്‍ വ്യവസ്ഥയിലെ തുക ബാര്‍സ അല്‍ സദ്ദിന് കൈമാറും. 2015 ല്‍ ക്ലബ് വിട്ട് സാവി 2021 ല്‍ കോച്ചായി തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ നൊമ്പരം ലിയോ മെസി മാത്രം. അതേ സമയം പി.എസ്.ജിയോടുള്ള താല്‍പ്പര്യക്കുറവ് മെസി സൂചിപ്പിച്ചത് സാവിക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്. രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി പോയത്.

മുന്‍ കോച്ച് റൊണാള്‍ഡ് കുമാന്റെ നിലപാടുകളാണ് മെസിയെ നഷ്ടമാവാന്‍ കാരണമായത്. ഏത് വിധേനയും മെസിയെ കൊണ്ടുവരുന്ന കാര്യത്തില്‍ ബാര്‍സാ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടെയുടെ പിന്തുണയും സാവിക്കുണ്ട്. പാരിസിലെ ഗതാഗത കുരുക്കില്‍ തനിക്കും കുടുംബത്തിനും മടുപ്പ് വന്നതായി കഴിഞ്ഞ ദിവസം മെസി സാമുഹ്യ മാധ്യമം വഴി പറഞ്ഞിരുന്നു. ബാര്‍സിലോണയില്‍ കഴിയുമ്പോള്‍ കുടുംബമെന്ന നിലയില്‍ ലഭിച്ചിരുന്ന സന്തോഷവും സമാധാനവും പാരിസിലെ ഹോട്ടല്‍ വാസത്തില്‍ ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സാവി വരുന്ന സന്തോഷത്തിലാണ് ബാര്‍സ താരങ്ങള്‍. പക്ഷേ പുതിയ കോച്ചിന് കാര്യങ്ങള്‍ ഒരിക്കലും എളുപ്പമാവില്ല. ചാമ്പ്യന്‍സ് ലീഗില്‍ ടീം തപ്പിതടയുന്നു. ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിച്ചിന് പിറകില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഇപ്പോഴും നോക്കൗട്ട് ഉറപ്പായിട്ടില്ല. ലാലീഗയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ടീം. സീസണിലെ 11 മല്‍സരങ്ങളില്‍ ആകെ നാല് വിജയങ്ങള്‍ മാത്രം. ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിദാദും ബാര്‍സയും തമ്മിലുള്ള അകലം ഒമ്പത് പോയിന്റാണ്. ഇത് മാത്രമല്ല പ്രശ്‌നങ്ങള്‍. ടീമിലെ പലരും പരുക്കിലാണ്. സെര്‍ജി അഗ്യൂറോ മൈതാനത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം പുറത്താണ്. ഉസ്മാന്‍ ഡെംപാലേ ഉള്‍പ്പെടെയുളളവരും പരുക്കില്‍ തന്നെ. മെസിയുടെ സ്ഥാനത്ത് വന്ന മെംഫിസ് ഡിപ്പേ കരുത്തനായി കളിക്കുന്നു എന്നതാണ് ആശ്വാസം. സാമ്പത്തികമായും ക്ലബ് തകര്‍ന്നു നില്‍ക്കുകയാണ്. ജനുവരി ട്രാന്‍സ്ഫറില്‍ പോലും ആരെയും വിലക്ക് വാങ്ങാന്‍ കഴിയാത്ത അവസ്ഥ. മെസിക്ക് പകരമായി അതേ കരുത്തിലുള്ള ഒരു മുന്‍നിരക്കാരനില്ല എന്നതാണ് വലിയ തലവേദന. അന്‍സു ഫാത്തിയെ പോലുള്ളവര്‍ക്ക് സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. താരങ്ങളുടെ പിന്തുണയാണ് കോച്ചിന് വളരെ അത്യാവശ്യം.

Test User: