മാനന്തവാടി മക്കിമലയില്‍ ഇന്നലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തില്‍ പെട്ടവരും കാലങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരും. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ എസ്‌റ്റേറ്റിലെ ഒരു കോളനിയില്‍ കഴിയുന്ന ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാടിനെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളായി 13 തൊഴിലാളികള്‍ ഒരുമിച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുള്ളത്.
ഈ തൊഴിലാളികള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍. ഒരുമിച്ച് തൊഴിലിന് പോകുന്നതിനാലും, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒരുമിച്ചായിരുന്നു എല്ലാവരും പോയിരുന്നത്. ചെറുപ്പം മുതല്‍ കണ്ടും സ്‌നേഹം പങ്കിട്ടും അയല്‍ക്കാരായി കഴിഞ്ഞവരാണ് ഒരുമിച്ച് യാത്രയായത്.
പട്ടിണിയും പരിവട്ടവുമാണ് തേയിലത്തോട്ടത്തിലെന്നും. എന്നാല്‍ കിട്ടുന്നതില്‍ സംതൃപ്തിയോടെ കഴിയുന്നവരായിരുന്നു ഇന്നലെ മരണപ്പെട്ട സ്ത്രീതൊഴിലാളികള്‍. തേയിലത്തോട്ടങ്ങളില്‍ നിന്നും ചപ്പ് പറിച്ചെടുക്കുന്നത് കിലോക്ക് കൂലിനിശ്ചയിച്ചാണ്. തുച്ഛമായ കൂലിയാണെങ്കിലും മറ്റ് ജോലിസാധ്യതകളില്ലാത്തതിനാല്‍ ജന്മനാ ശീലിച്ച ജോലി ഉപേക്ഷിക്കാതെ വാര്‍ധക്യത്തിലെത്തിയിട്ടും കുടുംബം നോക്കാനായി തൊഴിലെടുക്കുന്നവരായിരുന്നു.പതിവ് പോലെ തമാശകള്‍ പറഞ്ഞു കളിച്ചു ചിരിച്ചും ജോലിചെയ്ത ശേഷം വീട്ടിലേക്കുള്ള യാത്രയാണ് ഇവരുടെ അന്ത്യയാത്രയായത്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞിരുന്നു. ഇത് കൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ മെഡിക്കല്‍ കോളേജില്‍ ഏറെ സമയമെടുത്തു. ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.എട്ടോ പത്തോ പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ജീപ്പില്‍ 14 പോരാണുണ്ടായിരുന്നത്.ഇതും അപകടത്തിന്റെ ആക്കം കൂട്ടി.ഒരു ഗ്രാമത്തിലെ 9 വീട്ടമ്മമാര്‍ ഇന്ന് മണ്ണില്‍ ലയിക്കുമ്പോള്‍ മക്കിമലക്കാര്‍ക്ക് മറക്കാനാവത്ത ദുരന്തമായി ഇന്നലെ നടന്ന അപകടം അവശേഷിക്കും.