X

എഴുത്തുകാരന്‍ തോമസ് ജോസഫിന് സഹായം അഭ്യര്‍ഥിച്ച് സുഹൃദ് സംഘം

കൊച്ചി: പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ തോമസ് ജോസഫിന് ചികിത്സക്ക് സഹായം തേടി എഴുത്തുകാരടങ്ങിയ സുഹൃദ് സംഘം. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് പത്ത് മാസമായി കിടപ്പിലായ തോമസ് ജോസഫിന്റെ ചികിത്സ ചെലവ് പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. തൊണ്ണൂറുകളില്‍ ചന്ദ്രിക ദിനപ്രതത്തില്‍ ലൈബ്രേറിയനും പ്രൂഫ് റീഡറുമായി ജോലി ചെയ്തിട്ടുള്ള തോമസ് ജോസഫിന് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പത്ത് മാസം മുമ്പ് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് പോയ തോമസ് ജോസഫ് ഇപ്പോള്‍ ആലുവയിലെ വീട്ടില്‍ അബോധാവസ്ഥയിലാണ്.

ചികിത്സയ്ക്കും പരിചരണത്തിനുമുള്ള വലിയ ചെലവാണ് കുടുംബാംഗങ്ങളെ അലട്ടുന്നത്. ഇതേ തുടര്‍ന്നാണ് സുഹൃദ് സംഘം പൊതുജനങ്ങളുടെ സഹായം തേടിയത്. സേതു, മുകുന്ദന്‍, സക്കറിയ, എന്‍.എസ്. മാധവന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, റഫീഖ് അഹമ്മദ്, മധുപാല്‍, പി.എഫ്. മാത്യൂസ്, ആര്‍. ഉണ്ണി, സി.കെ ഹസ്സന്‍കോയ തുടങ്ങിയവരുടേതാണ് സഹായ അഭ്യര്‍ഥന. കഴിഞ്ഞ പത്തു മാസമായി തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുകയാണെന്നും വേണ്ടിവരുന്ന ഭീമമായ തുടര്‍ ചെലവുകളെ നേരിടാന്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്: മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍, കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്.

അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നഴ്‌സിന്റെ വിദഗ്ധ പരിചരണം ഉള്‍പ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടര്‍ച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്കില്ല. മലയാള കഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.

JesseA/C No- 2921101008349, IFSCCNRB-0005653, Canara Bank,Chunangamveli branch, Aluva.

Test User: