പ്രമുഖ കഥാകൃത്ത് കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എഴുതുന്നു..
കേരളത്തിലെഎഴുത്തിന്റെ ലോകത്താണിപ്പോള്‍ ചാതുര്‍ വര്‍ണ്യം. എഴുത്തുകാരെ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും മ്ലേച്ഛരുമായി തരം തിരിക്കുന്ന വമ്പന്‍ മാധ്യമങ്ങളും പ്രസാധക ശാലകളും അക്കാദമിക് നിരൂപക വേഷക്കാരുമാണ് ഈ ‘സാഹിത്യ ജാതി വ്യവസ്ഥയുടെ’ പിന്നില്‍. ചില എഴുത്തുകാരെ പൂണൂല്‍ ഇടീച്ച് ബ്രാഹ്മണരും ക്ഷത്രിയരും സവര്‍ണ്ണരുമാക്കി കൊണ്ടാടുന്നു. അവരുടെ സവര്‍ണ്ണപ്പട്ടികയില്‍ പെടാത്ത എഴുത്തുകാരെ( അവര്‍ വായനാലോകം അംഗീകരിക്കപ്പെട്ടവര്‍ ആയിരുന്നാല്‍ പോലും ) മ്ലേച്ഛന്മാരായി കല്പിച്ച് തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നു.ഇനി ജാത്യാ പൂണൂലിട്ടവരും സവര്‍ണ്ണരുമായ എഴുത്തുകാരുടെയും നിരൂപക കേസരികളുടെയും കാര്യമെടുക്കാം.ഇവര്‍ കേന്ദ്ര , സംസ്ഥാന ‘അക്കാദമികളിലൂം സാഹിത്യ ജൂറികളിലും കയറിപ്പറ്റിയാല്‍ അവിടെയുമുണ്ട് ജാതി വിവേചനം.എത്ര ‘വിപ്ലവം’ പറയുന്നവരും പേരിന്റെ ഒടുവിലെ ദൃശ്യമോ അദൃശ്യമോ ആയ വാല്‍ നോക്കിയേ പിന്‍ഗാമികളെ ‘നോമിനേറ്റ്’ ചെയ്യൂ ! സാഹിത്യ പുരസ്‌കാര സമിതികളിലും ജൂറികളിലും കയറിപ്പറ്റി മൂന്നാം കിട കൃതികള്‍ക്ക് പോലും എഴുതിയവന്റെ കുലമഹിമ നോക്കി പുരോഗമന പ്രസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങള്‍ പോലും ‘തരപ്പെടുത്തി കൊടുക്കും . ഇവര്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴാണ് നോക്കി നില്‍ക്കുന്ന നാം അമ്പരക്കുക, ഇവനൊക്കെ എന്ത് യോഗ്യതയെന്ന് !
എന്റെ ഉഷ്ണരാശിക്ക് മികച്ച നോവലിനുള്ള അവാര്‍ഡ് നല്‍കാനുള്ള ജൂറി തീരുമാനം 2019 ല്‍ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പൂണൂല്‍ ധാരിയായ ഒരു എഴുത്തുകാരന്‍ കലി തുള്ളിയതായി കേട്ടു.ജൂറി തീരുമാനം നടപ്പാക്കരുതെന്ന് പോലും അറുത്തുമുറിച്ച് വാദിച്ചു.(അതിനു മുന്‍പേ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ആയിരുന്നിട്ടും.) മൂത്തതാവട്ടെ ഇളയതാവട്ടെ ,പൂണൂല്‍ ഒന്നു തന്നെ !
ഇപ്പോള്‍ സാഹിത്യോത്സവങ്ങളുടെ കാലമാണല്ലോ ! സാഹിത്യോത്സവങ്ങളിലുമുണ്ട് മ്ലേച്ഛന്മാരായ എഴുത്തുകാരുടെ അയിത്തപ്പട്ടിക! പൂണൂല്‍ ‘ഇടീച്ച’ എഴുത്തിലെ ബ്രാഹ്മണരുടെ മേല്‍ കോയ്മ ഇവിടെയും കാണാം . സാഹിത്യോത്സവങ്ങളില്‍ കാണുന്ന സ്ഥിരം ആണും പെണ്ണും ‘ഗ്ലാമര്‍ താരങ്ങളെ ‘ നോക്കുക ! സ്വയം പ്രഖ്യാപിത വിശ്വ സാഹിത്യകാരന്മാരും ‘കാരി’കളുമുണ്ട് ഇക്കൂട്ടത്തില്‍ .സാഹിത്യ ചോരന്മാരും ‘ചോരി’കളുമുണ്ട്.സാമൂഹ്യ മാധ്യമങ്ങളിലെ പൈങ്കിളി എഴുത്തുകാരുണ്ട്…ഇവരൊക്കെയാണ് ഇന്ന് മലയാളത്തിലെ മഹാ സാഹിത്യ ബ്രാഹ്മണര്‍ !
മലയാളത്തിലെ സാഹിത്യപ്രാധാന്യമുള്ളൊരു ആനുകാലികത്തില്‍ സമീപകാലംവരെ പത്രാധിപരായിരുന്ന ‘മാന്യന്‍ ‘ ( വാല്‍ മുറിച്ചു കളഞ്ഞ ശുദ്ധ ബ്രാഹ്മണന്‍ ) താനിരുന്ന കാലമത്രയും സവര്‍ണരായ എഴുത്തുകാരെ ‘പോഷിപ്പിക്കാനുള്ള’ ഇടമാക്കി മാറ്റിയിരുന്നു ആ ആനുകാലികത്തെ .മറ്റാരെയും ആ പരിസരത്തേ അടുപ്പിക്കില്ലായിരുന്നു .വല്ലപ്പോഴും പേരിനൊന്ന് കൊടുക്കും , അവര്‍ണ്ണരുടേതായി.ഇപ്പോഴാണ് ആ പ്രസിദ്ധീകരണത്തിന് ശാപമോക്ഷമായത് ! സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ എന്ന ഭാവമാണ് ഒട്ടുമിക്ക സവര്‍ണ്ണ അക്കാദമിക്ക് നിരൂപകര്‍ക്കും പത്രാധിപന്‍മാര്‍ക്കും.
ഇവന്റെയൊക്കെ ഭാവം കണ്ടാല്‍ എഴുത്ത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടും കുറ്റമാണെന്ന് തോന്നിപ്പോകും.
മ്ലേച്ഛ പട്ടികയില്‍ പെട്ട പ്രിയ എഴുത്തുകാരേ ,കഴിവതും നിങ്ങളുടെ രചനകള്‍ ഇടത്തരം /ചെറുകിട പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുക .പുസ്തകമാക്കുമ്പോഴും വമ്പന്മാരെ സമീപിക്കാതിരിക്കുക . നിവൃത്തിയുണ്ടെങ്കില്‍ സാഹിത്യോത്സവങ്ങളുടെ സമീപത്തൂടെ പോകാതിരിക്കുക.സാഹിത്യത്തിലെ പൂണൂലിട്ടവര്‍ നടത്തുന്ന വേദഘോഷം കേള്‍ക്കാതിരിക്കുക !പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ! ഈ ഭൂമിയില്‍ ഇഷ്ടം പോലെ സ്വപ്നം കണ്ട് നടക്കാനും കുത്തിക്കുറിക്കാനും ഇവന്റെയൊന്നും അംഗീകാരത്തിന്റെ ആവശ്യമില്ല ! വായിക്കാന്‍ ഒരാളെങ്കിലും അവശേഷിക്കുന്നത് വരെ എഴുതാനും !”