‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ യൂവാവ് ലോറിയില്‍ നിന്ന് വീണ് മരിച്ചു. ലോറിയുടെ മുകളില്‍ നിന്ന് നൃത്തം ചെയ്യുന്നതിനിടെ നിലത്തേക്ക് വീഴുകയായിരുന്നു. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശി ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപത്താണ് സംഭവം. തിയറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിന് അടക്കം ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തിയതിനാല്‍ തമിഴ്‌നാട്ടിലൊട്ടാകെ ആരാധകരുടെ ആഘോഷമാണ്. അജിത്ത് ആരാധകരും വിജയ് ആരാധകരും രോഹിണി തിയറ്ററിന് സമീപം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ കാണുന്നതിനായി അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് ആരാധകര്‍ ഫഌ്‌സുകളും ഹോര്‍ഡിങുകളും വലിച്ചു കീറുകയും വലിച്ചിളക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും സംഭവസ്ഥലത്തു നിന്നും മാറ്റിയത്.
അതിരുവിട്ട ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലം കാണാതിരിക്കുകയാണ്. പോലീസിന് ആരാധകരെ നിയന്ത്രിക്കുന്നതിലും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കട്ടൗട്ടുകള്‍ ഉപയോഗം, പാലഭിഷേകം തുടങ്ങിയ വിലക്കുകളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.