ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണിത്. പലകുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.
‘ഒരു കായികതാരം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഇത് കണ്ടുനില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ നമ്മുടെ രാജ്യത്തിനായി ബഹുമതികള്‍ കൊണ്ടുവന്നു. അവരോടൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഇത് വളരെ സെന്‍സിറ്റീവ് ആയ കാര്യവും ഗുരുതരമായ ആരോപണവുമാണ്. അധികം വൈകാതെ ഈ വിഷയത്തില്‍ സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം’-സാനിയ കുറിച്ചു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്ബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങള്‍ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ ഗുസ്തി താരങ്ങള്‍ രംഗത്തുവന്നിരുന്നു. വനിത താരമായിട്ടും തങ്ങളെ കേള്‍ക്കാന്‍ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്നും പുനിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര, ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. നടി പൂജാ ഭട്ട്, മഹ്ബൂബ മുഫ്തി തുടങ്ങി നിരവധി പ്രമുഖര്‍ ഉഷയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.