X

ഗുസ്തിയിലെ ഗുസ്തിക്കാരന്‍-പ്രതിഛായ

രാജ്യത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കിതന്ന കായിക ഇനമാണ് ഗുസ്തി. ഇന്ത്യയുടെ എക്കാലത്തെയും മഹത്തായ കായിക മേഖലയും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോയാല്‍ ഗ്യാരണ്ടിയോടെ എന്തെങ്കിലും കൊണ്ട്തരുന്നതുമായ ഒരേയൊരു കായിക ഇനത്തിന്റെ ഫെഡറേഷന്‍ പ്രസിഡന്റുമായി ഗുസ്തി പിടിക്കേണ്ട അവസ്ഥയിലാണ് ഗുസ്തി താരങ്ങള്‍. കാരണം ചെറുതല്ല. വലിയ വിജയങ്ങള്‍ വരെ ഇന്ത്യക്ക് നേടിതന്ന പെണ്‍കുട്ടികളെയും വളര്‍ന്ന് വരുന്ന ദേശീയ ഗുസ്തി രംഗത്തുള്ള പെണ്‍കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി എന്ന ഗുരുതരആരോപണമാണ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് നേരിടുന്നത്.

ഗുണ്ടാ പരിവേഷവും തീവ്ര ഹിന്ദുത്വവാദവുമൊന്നും വകവെക്കാതെ കൊല്ലുകയാണെങ്കില്‍ കൊല്ലട്ടെ എന്ന് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ പറഞ്ഞു ഡല്‍ഹിയില്‍ കുത്തിയിരിപ്പ് തുടങ്ങിയിട്ടും സര്‍ക്കാറിനും ഭരണ കക്ഷിയായ ബി.ജെ.പിയും നടപടി എടുക്കാത്തതിന് കാരണം എന്തെന്നറിയാന്‍ ഭൂഷണെ കുറിച്ച് ചെറുതായൊന്നറിഞ്ഞാല്‍ മതി. മന്‍കി ബാതുമായി നടക്കുന്നവര്‍ ജനാധിപത്യത്തെകുറിച്ച് വാ തോരാതെ പറയുമ്പോള്‍ ബ്രിജ് ഭൂഷണിന്റെ ജനാധിപത്യം അല്‍പം അറിയേണ്ടതാണ്. ആരോപണങ്ങളില്‍നിന്നും ആരോപണങ്ങളിലേക്കാണ് ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഇപ്പോള്‍ വീണുകൊണ്ടിരിക്കുന്നത്. ഗുണ്ടായിസം ഗുസ്തിയായി അംഗീകരിക്കുകയാണെങ്കില്‍ അതില്‍ മുന്നില്‍ നില്‍ക്കാന്‍ യോഗ്യനാണ് ടിയാന്‍. ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി. ബ്രിജ് ഭൂഷണിന്റെ ക്രിമിനല്‍ പശ്ചാത്തലം അനുദിനം വികസിക്കുന്ന കാഴ്ചയാണ് മോദിഫൈഡ് ഇന്ത്യയില്‍ കാണുന്നത്. ഗുസ്തി താരങ്ങള്‍ ഒന്നടങ്കം ഡല്‍ഹിയില്‍ ഭൂഷണിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും ഒരു കൂസലുമില്ലാതെ ടിയാന്‍ മേഞ്ഞുനടക്കുകയാണ്. പിന്തുണക്കാന്‍ മുന്‍ ഒളിംപ്യന്‍ ഉഷയടക്കം ബി.ജെ.പിയുടെ സില്‍ബന്ദികള്‍ യഥേഷ്ടം ഉണ്ടെന്നത് തന്നെയാണ് ഭൂഷന്റെ ധൈര്യവും. ആറ് തവണ ബി.ജെ.പി എം.പിയായ ഭൂഷണ് പാര്‍ട്ടിയിലുള്ള പിടിപാട് ചെറുതല്ല. ഒരു രാഷ്ട്രീയക്കാരനാണെങ്കിലും ഗുസ്തിയോട് എന്നും അടുത്തുനിന്ന ഭൂഷണ്‍ ‘ശക്തിശാലി’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ യൗവ്വനത്തിന്റെ ഭൂരിഭാഗവും അയോധ്യയിലെ അഖാഡകളിലാണ് ഭൂഷണ്‍ ചെലവഴിച്ചത്. ഏകദേശം 10 വര്‍ഷത്തോളമായി ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും യുണൈറ്റഡ് വേള്‍ഡ് റെസ്്‌ലിങ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമാണ്. ദേശീയമോ അന്തര്‍ദേശീയമോ, ജൂനിയറോ സീനിയറോ ആകട്ടെ എല്ലാ ടൂര്‍ണമെന്റിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. ഗുസ്തി ഫെഡറേഷന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഭൂഷണിന്റേതായിരുന്നു. അതുകൊണ്ട് തന്നെയാകാം ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും ബ്രിജ് ബൂഷണെതിരായ നടപടികള്‍ വൈകുന്നത്.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ബ്രിജ് ഭൂഷണ്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രധാന പ്രതിയായ അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് 2020 ല്‍ കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. 1991 ല്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍നിന്ന് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള ഭൂഷണിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇടയ്ക്കിടെ വിവാദങ്ങളുടെ കൂട്ടുണ്ടായിരുന്നു. ഒരു ഗുണ്ടാനേതാവിന്റെ മുഖമായിരുന്നു ബി.ജെ.പി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്. 1992 ല്‍ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന് ഇയാള്‍ക്കെതിരെ ടാഡ ചുമത്തി. എന്നാല്‍ ഇതിലും പതിവു പോലെ തെളിവുകളുണ്ടായില്ല. കുറ്റവിമുക്തനാക്കപ്പെട്ടതോടെ 1998 ല്‍ വീണ്ടും ലോക്‌സഭയില്‍ സ്ഥാനമുറപ്പിച്ചു. പിന്നീട് നാടകീയമായ രാഷ്ട്രീയ ജീവിതം. 2008 ല്‍ ബി.ജെ.പിയില്‍നിന്ന് പുറത്തായ ഭൂഷണ്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറി. എന്നാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മാത്രം സ്വീകരിക്കാന്‍ മനസുള്ള അയാള്‍ക്ക് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തനകേന്ദ്രമാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് മടങ്ങി. 2022 ല്‍ ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരാളെ വെടിവച്ച് കൊന്നതായും വെളിപ്പെടുത്തി. ഇതൊന്നും ആരും ശ്രദ്ധിക്കാതെ ഭൂഷണെ യഥേഷ്ടം അഴിച്ചുവിട്ടതിന് പിന്നാലെയാണ് പൊങ്ങിവന്ന ലൈംഗിക ആരോപണ വിവാദം. കഴിഞ്ഞ ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് വനിതാഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. അതിന് ശേഷം താരങ്ങള്‍ സമരവുമായി തെരുവിലേക്കിറങ്ങി, പ്രസിഡന്റിനെതിരെയും ഗുസ്തി ഫെഡറേഷനെതിരെയും നടപടി എടുക്കാതെ താരങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചതോടെ ഭൂഷണ് സ്ഥനത്തുനിന്നും പടിയിറങ്ങേണ്ടിവന്നു. പിന്നീട് ഗുസ്തി ഫെഡറേഷന്റെ ചുമതലയും പ്രത്യേക സമിതിയെ ഏല്‍പ്പിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് വിനേഷ് ഫോഗാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാതെ വന്നതോടെ അവര്‍ വീണ്ടും തെരുവിലേക്കിറങ്ങി. ഇതിനിടെ ഏഴ് വനിതാഗുസ്തി താരങ്ങള്‍ കൂടി പരാതിയുമായി മുന്നോട്ട്‌വന്നു. അധികാരികള്‍ കണ്ണുതുറക്കാതെ വന്നതോടെ താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ കോടതിയെ സമീപിച്ചു. ഇതാണ് ഗുസ്തി ഫെഡറേഷന്‍ തലവന് തിരിച്ചടിയായത്. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന അന്ന് മുതല്‍ ഭൂഷണ്‍ ഇതൊക്കെ നിഷേധിക്കുകയാണ്. എന്തുവന്നാലും താന്‍ ഉണ്ടാക്കിവച്ച ഹിന്ദുത്വ അടിത്തറയുടെ കരുത്തില്‍ പാര്‍ട്ടി തന്നെ താങ്ങിനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.

webdesk11: