ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പി യുമായ ബ്രിജ് ഭൂഷനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ ഡൽഹി ജന്തർ മന്ദിറിലെ രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബ്രിജ് ഭൂഷൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ടാണ് ആരോപണം ഉന്നയിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പുനിയ എന്നിവരാണ് സിംഗിനെതിരെ പ്രതിഷേധിക്കുകയും സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തിരിക്കുന്നത് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് താരങ്ങളുടെ തീരുമാനം.
ഇതിനിടെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ രംഗത്തെത്തി . താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ പറഞ്ഞു. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആവശ്യപ്പെട്ട് താരങ്ങൾ ഉഷയ്ക്ക് കത്തയച്ചിരുന്നു