X

പ്രാര്‍ത്ഥന തന്നെയാണ് ആരാധന

Taj Mahal Agra India

ടി.എച്ച് ദാരിമി

അല്‍ അന്‍ബിയാഅ് അധ്യായത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഏതാനും പ്രവാചകന്‍മാരുടെ ജീവിതം നേരിട്ട പ്രതിസന്ധികള്‍ പറഞ്ഞുപോകുന്നുണ്ട്. അവയിലൊന്ന് അയ്യൂബ് നബിയുടേതാണ്. വളരെ പ്രയാസകരമായ രോഗം അദ്ദേഹത്തെ പിടികൂടി. ജനങ്ങളും ഭാര്യമാര്‍ പോലും വെറുത്തകന്നു പോയ രോഗമായിരുന്നു അത്. ഒരു ഭാര്യയല്ലാത്ത മറ്റെല്ലാവരും ഇട്ടുപോയി. അത്തരമൊരു രോഗം ഒരിക്കലും സുഖമാവില്ല എന്ന് ആ കാലം ഉറപ്പിച്ചതു കൊണ്ടായിരുന്നു അത് എന്ന് വിവരണങ്ങള്‍ക്കിടയില്‍ നിന്ന് മനസ്സിലാക്കാം. ആശയറ്റ ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്ത പ്രാര്‍ഥന ഇപ്രകാരമായിരുന്നു. ‘നാഥാ, എന്നെ ഉപദ്രവം പിടികൂടിയിരിക്കുന്നു. നീ ഉദാരരില്‍ ഉദാരനാണല്ലോ’. തുടര്‍ന്ന് പറയുന്നത് അദ്ദേഹത്തിന് രോഗമുക്തി ലഭിച്ചുവെന്നും നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചുകിട്ടി എന്നുമാണ്. (83, 84). ഭേദമാവില്ല എന്ന് കാലവും ലോകവും വിധിച്ച രോഗം മാറിയ ഈ സംഭവം ബൈബിളും പറയുന്നുണ്ട്. (ഇയ്യോബിന്റെ പുസ്തകം, യാക്കോബ് 5:11)

തുടര്‍ന്ന് അന്‍ബിയാഅ് അധ്യായം പറയുന്നത് യൂനുസ് നബിയുടെ അനുഭവമാണ്. നീനുവായിലേക്ക് നിയുക്തനായ ഈ പ്രവാചകന്‍ ദൈവ സമ്മതമില്ലാതെ അവിടം വിടുകയാണ്. അതിനുള്ള ശിക്ഷ എന്ന നിലക്ക് അദ്ദേഹം കപ്പലില്‍നിന്ന് വെള്ളത്തിലേക്ക് ചാടാന്‍ നിര്‍ബന്ധിതനായി. കടലില്‍ അദ്ദേഹം വീണത് നേരെ തിമിംഗലത്തിന്റെ വയറ്റിലേക്കായിരുന്നു. വായില്‍ വന്നു വീണ ഇരയുമായി മത്സ്യം അടിക്കടലിലേക്ക് ഊളിയിട്ടു. അതോടെ കടലിന്റെയും ആഴിയുടെയും മത്സ്യവയറിന്റെയും രാത്രിയുടെയുമെല്ലാം ഇരുട്ടിനുള്ളില്‍ പെട്ടു യൂനുസ് നബി. അങ്ങനെ ഒരാള്‍ അവിടെ ഉണ്ട് എന്നത് ലോകത്തൊരാള്‍ക്കും അറിയുകയുമില്ലായിരുന്നു. അറിയുമായിരുന്നു എങ്കില്‍ ആരെങ്കിലും അദ്ദേഹത്തെ സഹായിച്ചേനെ. ഇതോടെ പ്രതീക്ഷയുടെ എല്ലാ ഭൗതിക കവാടങ്ങളും അദ്ദേഹത്തിനുമുമ്പില്‍ അടക്കപ്പെട്ടു. ഇനി അദ്ദേഹത്തിനു പ്രതീക്ഷയേകാന്‍ ഒന്നുമില്ല എന്ന അവസ്ഥ. ആ അവസ്ഥയില്‍ അദ്ദേഹം പ്രാര്‍ഥിച്ചു. നാഥാ ഞാന്‍ അക്രമം കാണിച്ചുപോയി, നീ അല്ലാതെ രക്ഷിക്കാന്‍ ഒരു ആരാധ്യനുമില്ല. പിന്നെ നാം കാണുന്നത് തികച്ചും അല്‍ഭുതകരമായി ജീവനോടെ യൂനുസ് നബി കരയിലെത്തുന്നതാണ് (78, 79). ബൈബിളിലും ഈ കഥയുണ്ട്. (രാജാക്കന്‍മാര്‍ 14: 25)

മൂന്നാമത്തേത് സക്കരിയ്യാ നബിയുടേതാണ്. വാര്‍ധക്യത്തിന്റെ അവസാന യാമത്തില്‍ അദ്ദേഹത്തെ നാം കാണുന്നത് വിശുദ്ധ ബൈത്തുല്‍ മുഖദ്ദസിന്റെ മിഹ്‌റാബില്‍ ഇരുന്ന് കണ്ണ് നനച്ച് തേടുന്നതായാണ്. കുട്ടികളുണ്ടായിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. മക്കള്‍ ജനിക്കാനുള്ള പ്രതീക്ഷകള്‍ ജീവിക്കുന്ന കാലം എന്നേ പിന്നിട്ടിരുന്നു. ഭാര്യ വന്ധ്യയായിരുന്നു. ഇവിടെയും നിരാശ എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്. സക്കരിയ്യാ എന്ന തങ്ങളുടെ ശ്രേഷ്ഠ പുരോഹിതന്‍ ഈ പ്രായത്തില്‍ ഇങ്ങനെ ഒന്നിനുവേണ്ടി തേടുന്നത് പരിഹാസ്യമായി തോന്നിയിരുന്നു അവിടെത്തെ അല്‍മായര്‍ക്ക്. അവര്‍ കളിയാക്കി ചിരിക്കുമായിരുന്നു എന്ന് വ്യാഖ്യാനങ്ങളില്‍ കാണാം. പക്ഷേ, അദ്ദേഹം പ്രതീക്ഷ വിട്ടില്ല. അല്‍ഭുതകരമെന്നു പറയട്ടെ, ആ പ്രാര്‍ഥനയും കേള്‍ക്കപ്പെട്ടു. അദ്ദേഹത്തിന് യഹിയാ എന്ന കുഞ്ഞിനെ കിട്ടി. (89, 91) ജീവനറ്റ ചുക്കിച്ചുളിഞ്ഞ വിരലുകളില്‍ അദ്ദേഹം സ്വന്തം മകനെ കോരിയെടുത്ത് ഉമ്മവെച്ചു. ലൂക്കോസിന്റെ സുവിശേഷം 1:5 ല്‍ ബൈബിള്‍ ഇതും പറയുന്നുണ്ട്.

മൂന്ന് രംഗങ്ങളും തമ്മില്‍ സാമ്യതയുണ്ട്. മൂന്നും നിരാശയുടെ കൊടുമുടിയിലാണ് നടക്കുന്നത്. നടക്കില്ല എന്ന് ലോകവും കാലവും തീര്‍ത്തു പറഞ്ഞ രംഗങ്ങള്‍. മൂന്നിടത്തും ആ നിരാശയെ മറികടക്കുന്നത് പ്രാര്‍ത്ഥനയുടെ കരുത്തിലാണ്. പ്രാര്‍ത്ഥന അസാധ്യമായതിനെ സാധ്യമാക്കിയതിന്റെ നേര്‍സാക്ഷ്യങ്ങളാണ് മൂന്നും. പ്രാത്ഥനയുടെ പ്രാധാന്യം കുറിക്കുകയാണ് ഇവ. പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്നും പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ് എന്നും നബി(സ) പറഞ്ഞതിന്റെ പൊരുളും ഇതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആരാധനകളൊക്കെയും പ്രാര്‍ത്ഥന തന്നെയാണ്. നമസ്‌കാരത്തില്‍ വിശ്വാസി ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും ആകെത്തുക പ്രാര്‍ത്ഥനയാണല്ലോ. വികാര വിചാരങ്ങളും അന്നപാനാദികളും ഉപേക്ഷിച്ച് ഒരാള്‍ നോമ്പെടുക്കുമ്പോള്‍ അയാള്‍ നാഥാ, എന്റെ വികാരങ്ങളേക്കാള്‍ ഞാന്‍ നിന്റെ വിധേയത്വത്തിന് വില കല്‍പ്പിക്കുന്നു, അതിനാല്‍ നീ എന്നോട് കാരുണ്യം കാണിക്കേണമേ എന്ന് തേടുകയാണ്. ഹജ്ജില്‍ ചെയ്യുന്ന കര്‍മ്മങ്ങളൊക്കെയും സമര്‍പ്പണവും പ്രാര്‍ത്ഥനയും തന്നെ. എന്തിനധികം, വലതുകാല്‍ വെച്ച് സ്വന്തം ഭവനത്തിലേക്ക് ബിസ്മി ചൊല്ലി പ്രവേശിക്കുന്ന ആള്‍ സത്യത്തില്‍ തനിക്കും ഭവനത്തിനും നന്‍മയും ക്ഷേമവും ഉണ്ടാവട്ടെ എന്ന് മനസ്സാ തേടുകയാണ്.

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയുടെ ഈ ആശയം ഗ്രഹിക്കാന്‍ പ്രയാസമൊന്നുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ സകല ചലനങ്ങളും സ്രഷ്ടാവിന്റെ കരങ്ങളിലാണ്. സൃഷ്ടികള്‍ ഓരോ കാര്യങ്ങളും ആഗ്രഹിക്കുകയും പദ്ധതിയിടുകയും ആവിഷ്‌കരിക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലും അതൊന്നും നടക്കുന്നതില്‍ അവന് പങ്കൊന്നുമില്ല. സ്രഷ്ടാവിന്റെ താല്‍പര്യങ്ങളാണ് നടക്കുന്നതെല്ലാം. എല്ലാ കാര്യങ്ങളും കണിശമായി പുലര്‍ത്തിയിട്ടും കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് ഓരോരുത്തരുടെ ജീവിതത്തിലും ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. നടക്കേണ്ടാത്തത് നടക്കുകയും നടക്കേണ്ടത് നടക്കാതിരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഭാവി പ്രവചനാതീതവുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കയ്യിലാണ് കാര്യങ്ങളെല്ലാം എന്നാണ്. ഈ കാര്യങ്ങളില്‍ സൃഷ്ടിക്ക് നന്‍മയും ക്ഷേമവും ഭാഗ്യവും അനുഗ്രഹവും മാത്രം ഉണ്ടാകണമെങ്കില്‍ അതു നേടിയെടുക്കാന്‍ അവനോട് ചോദിച്ചു വാങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അവന്റെ മുമ്പില്‍ അവകാശവാദമുന്നയിക്കാനോ തട്ടിപ്പറിച്ച് വാങ്ങാനോ കട്ടെടുക്കാനോ ഒന്നും കഴിയില്ലല്ലോ. ഇങ്ങനെയാണ് പ്രാര്‍ഥനയുടെ അര്‍ഥതലത്തിലേക്കും പ്രാധാന്യത്തിലേക്കും വിശ്വാസികള്‍ എത്തിച്ചേരുന്നത്.

പുതിയ കാലത്തെ പ്രാര്‍ഥനയെ കുറിച്ചുള്ള ചിന്തകളില്‍ പ്രത്യേകം പറയേണ്ട കാര്യം ഉണ്ട്. അത് എല്ലാ ആത്മീയ വികാരങ്ങള്‍ക്കും സംഭവിക്കുന്നതുപോലെ പ്രാര്‍ത്ഥനയും ഒരു ചടങ്ങും ആചാരവുമായി ചുരുങ്ങുന്നു എന്നതാണത്. കേവലം താളമല്ല, ആയിരിക്കേണ്ടതല്ല പ്രാര്‍ഥന. അത് ഹൃദയത്തിന്റെ ആത്മാര്‍ഥമായ അര്‍ച്ചനയായിരിക്കേണ്ടതാണ്. അര്‍ച്ചനയുടെ അര്‍ഥത്തില്‍നിന്ന് ഭാഷ, പ്രയോഗം, ശൈലി, ഒഴുക്ക് തുടങ്ങിയവയിലേക്കൊക്കെ പ്രാര്‍ഥനകള്‍ വഴിമാറുമ്പോഴാണ് അത് വഴിമാറുന്നത്. അപ്രകാരംതന്നെ വെറും ചിട്ടപ്പെടുത്തിയ പദപ്രയോഗവുമല്ല പ്രാര്‍ഥന. അത് ഉയരേണ്ടത് ഒരു പശ്ചാതലത്തില്‍നിന്നാണ്. അതായത് പ്രാര്‍ഥനക്ക് ചില അകമ്പടികള്‍ അനിവാര്യമാണ്. ഉദ്ധൃത സംഭവങ്ങള്‍ക്കു ശേഷം ആ പ്രവാചകന്‍മാരെ അവര്‍ നേരിട്ട പ്രതിസന്ധികളില്‍ കൈപിടിച്ചത് എന്തൊക്കെ ചേര്‍ന്നായിരുന്നു എന്ന് അല്ലാഹു പറയുന്നുണ്ട്. അത് ഇപ്രകാരമാണ്: (തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു) (അമ്പിയാഅ്: 90) മൂന്ന് കാര്യങ്ങളാണ് ഇവിടെ അല്ലാഹു പറയുന്നത്. ഒന്നാമതായി നന്‍മയോടുള്ള അഭിനിവേശമാണ്. രണ്ടാമത്തേത് അവരുടെ പ്രാര്‍ത്ഥനകളില്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ പ്രതീക്ഷയും ഭയവും ഉണ്ടായിരുന്നു എന്നതാണ്. മൂന്നാമത്തേത് അവര്‍ പുലര്‍ത്തിയിരുന്ന വിനയമാണ്. ഈ ഘടകങ്ങള്‍ ഒരുക്കുന്ന ആത്മീയ സാഹചര്യമാണ് ശരിയായ പ്രാര്‍ത്ഥനയുടെ പശ്ചാത്തലം. ഇത്തരം പരിസരത്തുവെച്ച് ഉയരുന്ന പ്രാര്‍ഥനകള്‍ കേള്‍ക്കപ്പെടുകതന്നെ ചെയ്യും. അല്ലാഹു വാക്കുതന്ന കാര്യമായതിനാല്‍ പ്രത്യേകിച്ചും. അതോടൊപ്പം ഈ പശ്ചാതലത്തിന് കൂടുതല്‍ പ്രതീക്ഷാത്മകത നല്‍കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട് പരിഗണിക്കാന്‍. പ്രതീക്ഷ കൂടുതലുള്ള സന്ദര്‍ഭങ്ങള്‍, ഇടങ്ങള്‍, സാഹചര്യങ്ങള്‍, സാന്നിധ്യങ്ങള്‍, രീതികള്‍ തുടങ്ങി അതൊരു നീണ്ട പട്ടികയാണ്. ചോദിച്ച് ചോദിച്ച് സ്വര്‍ഗത്തില്‍ പോകണം, ചോദിക്കാന്‍ നാണിച്ച് നരകത്തില്‍ പോകരുത് എന്ന പൊതു വര്‍ത്തമാനം കൂടി ഇതിലേക്ക് ചേര്‍ത്തിവായിക്കാം.

 

 

 

Test User: