മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയവരില്‍ ഒരാളായ ഈജിപ്ത് സ്വദേശിനിയുടെ ഭാരം 142 കിലോ കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോയുണ്ടായിരുന്ന ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോ മാത്രമായി കുറഞ്ഞു. ലാപ്രസ്‌കോപിക് സംവിധാനത്തിലൂടെ ഇമാന്റെ ആമാശയത്തിന്റെ വലിപ്പം 15 ശതമാനത്തോളം ചെറുതാക്കിയാണ് ഭാരം കുറക്കല്‍ ചികിത്സ സാധ്യമാക്കുന്നത്. ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോള്‍ നല്‍കിവരുന്നത്. 1800 കലോറിയാണ് ദിനംപ്രതി അവര്‍ക്ക് ലഭിക്കുന്നത്.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന്‍ പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയ രോഗങ്ങളാള്‍ ബുദ്ധിമുട്ടിലായിരുന്നു. 25 വര്‍ഷമായി കിടപ്പിലായ ഇമാന്‍, സാധാരണ ജീവിതമെന്നത് സ്വപ്‌നം മാത്രമായി കണ്ടിരിക്കവെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആസ്പത്രി അധികൃതര്‍ എത്തിയത്.
വിമാനത്തില്‍നിന്ന് ക്രെയിനിലാണ് പ്രത്യേകം കിടക്കകളോടെ തയാറാക്കിയാണ് യുവതിയെ ചികിത്സക്ക് എത്തിച്ചത്. ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്ന ഇമാന്റെ ഭാരം ആദ്യ ആഴ്ചയില്‍ തന്നെ 30 കിലോ കുറഞ്ഞത് ഡോക്ടര്‍മാക്ക് വലിയ പ്രതീക്ഷ നല്‍കി. ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ മാത്രമായി തന്നെ യുവതിയുടെ ഭാരം 450 കിലോയില്‍ എത്തേണ്ടിയിരുന്നു.
ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് ശസ്ത്രക്രിയയും ചികില്‍സയുമെന്നും ശസ്ത്രക്രിയയ്ക്കുശേഷം ആറു മാസത്തോളം ഇമാന് ആസ്പത്രിയില്‍ കഴിയേണ്ടിവരുമെന്നുമാണ് വിവരം.