ന്യൂയോര്‍ക്ക്: ലോകത്ത് 43 രാജ്യങ്ങളിലായി 45 ദശലക്ഷത്തിലേറെ ജനങ്ങള്‍ പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭ ഭക്ഷ്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ലോകമെമ്പാടും പട്ടിണി അതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാദ്യത്തില്‍ ലോകത്ത് 42 ദശലക്ഷം ആളുകളിലായിരുന്നു പട്ടിണി എത്തിയതെങ്കില്‍ ഈ വര്‍ഷം പകുതിയോടെ അത് 45 ദശലക്ഷമായി ഉയരുകയും ചെയ്തു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിവിധ രാജ്യങ്ങളില്‍ സ്ഥിതി അതിഗുരുതരമാണ്. പട്ടിണിയിലായവരില്‍ ഭൂരിഭാഗവും അഫ്ഗാനിസ്താനില്‍ നിന്നുള്ളവരാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യെമനില്‍ പട്ടിണി അതി രൂക്ഷമാണ്. ദശലക്ഷങ്ങളാണ് ഇവിടെ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 എന്നിവ പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂട്ടുകയാണെന്ന് ഡബ്ല്യു.എഫ്.പി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി പറയുന്നു.
അഫ്ഗാനിസ്താനാണ് നിലവില്‍ അതിവേഗത്തില്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യം. അവിടെ ഏകദേശം 23 ദശലക്ഷത്തോളം പേര്‍ പട്ടിണിയുടെ മുഖത്താണ്. ഇന്ധന ചെലവ് കൂടുന്നതോടെ ഭക്ഷ്യവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം അഫ്ഗാനില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേതു പോലെ ദീര്‍ഘകാല അടിയന്തരാവസ്ഥയിലേക്ക് അഫ്ഗാനിസ്താനെയും നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ കുടുംബങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നു. ചിലപ്പോള്‍ അതിജീവനത്തിനായി കുട്ടികളെ വില്‍പ്പന നടത്താന്‍ പോലും നിര്‍ബന്ധിതരാകുന്ന കുടുംബങ്ങള്‍ അഫ്ഗാനിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷാമത്തിന്റെ തീവ്രത കൂടുതല്‍ അനുഭവിക്കുന്ന മഡഗാസ്‌കറില്‍ ജീവന്‍ നിലനിര്‍ത്താന്‍ ചിലര്‍ വെട്ടുക്കിളികളെയോ കാട്ട് ഇലകളോ കള്ളി ച്ചെടിയോ കഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എത്യോപ്യ, ഹെയ്തി, സൊമാലിയ, അംഗോള, കെനിയ, ബുറുണ്ടി എന്നിവിടങ്ങളിലും കടുത്ത പട്ടിണി വര്‍ധിക്കുന്നുവെന്നാണ് റോം ആസ്ഥാനമായുള്ള ഏജന്‍സി പറയുന്നു. പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ഫണ്ടുകളുടെ കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ആവശ്യകതയനുസരിച്ച് സഹായം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള ക്ഷാമം ഒഴിവാക്കുന്നതിനുള്ള ചെലവ് ഇപ്പോള്‍ ഏഴ് ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കുന്നത്. ഇത് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 6.6 ബില്യണായിരുന്നു.