X

ചൈനയുമായി അമേരിക്ക തുറന്ന വ്യാപാര യുദ്ധത്തിന്

 

വാഷിങ്ടണ്‍: വ്യാപാര യുദ്ധം ശക്തമാക്കി ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. 200 ശതകോടി ഡോളറിന്റെ അധിക ഇറക്കുമതിത്തീരുവ ചുമത്താനാണ് ട്രംപ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശക്തമായ വ്യാപാര യുദ്ധത്തിന് കളമൊരുക്കുന്ന യു.എസ് നടപടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചു. അമേരിക്ക അന്യരാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കക്കെതിരെ എല്ലാ അര്‍ത്ഥത്തിലുള്ള നടപടികളും ഉണ്ടാകും. യു.എസ് ഭരണകൂടത്തിന്റെ അധിക തീരവുക്ക് തുല്യ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാപാര രംഗത്ത് ചൈനയുടെ നിലപാടുകള്‍ മാറുന്നില്ലെങ്കില്‍ 10 ശതമാനത്തിന്റെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. വര്‍ഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ചൈന അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ അമേരിക്കക്കുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതിത്തീരുവകള്‍ വര്‍ധിപ്പിക്കുന്നതിനെതിരെ പല സാമ്പത്തികശാസ്ത്രജ്ഞരും ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനക്കെതിരെ അമേരിക്ക വീണ്ടും അധിക ഇറക്കുമതിത്തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഏഷ്യയില്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. ഷാങ്ഹായ് വിപണിയില്‍ 3.8 ശതമാനം ഇടിവുണ്ടായി. യൂറോപ്യന്‍ വിപണികളിലും യു.എസ് നീക്കം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ചയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 50 ശതകോടി ഡോളറിന്റെ 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത്. അമേരിക്കയുടെ 659 ഉല്‍പന്നങ്ങള്‍ക്കുമേല്‍ സമാനതുകയുടെ ഇറക്കുമതിത്തീരുവ ചുമത്തി ചൈനയും തിരിച്ചടിച്ചിരുന്നു. അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശവും സാങ്കേതികവിദ്യയും ചൈന മോഷ്ടിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കന്‍ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ചൈനീസ് നടപടി ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

chandrika: