X

ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ആയിരം കുളങ്ങള്‍ നാടിന് സമര്‍പ്പിക്കും

മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആയിരം കുളങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ അയിലത്തുവിളാകം ചിറയില്‍ നാളെ(മാര്‍ച്ച് 22) രാവിലെ 11 മണിക്കാണ് പരിപാടി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ, എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കുളങ്ങളുടെ ഉദ്ഘാടനം നടക്കും. ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുളങ്ങള്‍, തടയണകള്‍, മഴക്കുഴികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും മഴവെള്ള റീച്ചാര്‍ജ് സംവിധാനങ്ങള്‍ സജ്ജമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. 55,668 പ്രവൃത്തികളിലായി ഈ വര്‍ഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വാമനപുരം എംഎല്‍എ അഡ്വ. ഡി കെ മുരളി അധ്യക്ഷനാകും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ അനുകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ്, ജി ഒ ശ്രീവിദ്യ, എസ് കെ ലെനിന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.

webdesk11: