ദുബായ്: രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കും. ജൂണ്‍ 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക, ജൂണ്‍ 12 റിസര്‍വ് ദിവസമായും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡാണ് നിലവിലെ ലോകചാമ്പ്യന്മാര്‍. സതാംപ്ടണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയായിരുന്നു എതിരാളികള്‍.
അതേസമയം അടുത്ത തവണത്തെ (2025) ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ തന്നെ ലോര്‍ഡ്‌സ് ആതിഥേയത്വം വഹിക്കും. ഫൈനലിനുള്ള തീയതി കുറിച്ചെങ്കിലും ഈ വര്‍ഷത്തെ ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കും ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 136 പോയിന്റുള്ള ഓസ്‌ട്രേലിയ 75.56 ശതമാനവുമായാണ് ഒന്നാമത് ഇടംപിടിച്ചത്. രണ്ടാമതുള്ള ഇന്ത്യക്ക് 58.93 ശതമാനത്തില്‍ 99 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത് ശ്രീലങ്കയും (53.33%) നാലാമത് ദക്ഷിണാഫ്രിക്കയുമാണുള്ളത് (48.72%). ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര നേടുന്ന ടീമിന് ഏറെക്കുറെ ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കും.