X

വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടും ആശങ്കകളും

ടി ഷാഹുല്‍ ഹമീദ്

ലോക സാമ്പത്തിക ഫോറത്തിന്റെ 2023ലെ ലോക അപകട റിപ്പോര്‍ട്ട് (വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്) പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ലോകത്ത് വലിയ രീതിയില്‍ സംഭവിക്കുന്നു എന്ന് തുര്‍ക്കി, സിറിയ എന്നി രാജ്യങ്ങളില്‍ വന്‍ നാശം വിതച്ച ഭൂകമ്പം സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങളും അതിതീവ്രമായ കാലാവസ്ഥയും ലോകം നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നു, മനുഷ്യരാശിയുടെ ഉദയത്തിനുശേഷം ആവാസവ്യവസ്ഥക്കും ജൈവസമ്പത്തിനും ഇത്രയേറെ പരിക്കുപറ്റിയ കാലഘട്ടം ലോകത്ത് ഉണ്ടായിട്ടില്ല.

ഒരു ചെറിയ ഇടപെടല്‍ കൊണ്ട് മാത്രം പരിഹരിക്കപ്പെടാന്‍ കഴിയുന്നതിലപ്പുറം ദീര്‍ഘകാല ഇടപെടലാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം യൂറോപ്പില്‍ വലിയ രീതിയില്‍ അസമത്വം ഉണ്ടാക്കിയിട്ടുണ്ട്. എളുപ്പം മാറുന്ന പ്രശ്‌നങ്ങളല്ല ലോകത്ത് ഇന്ന് സംജാതമായിട്ടുള്ളത്, ആരോഗ്യരംഗത്തുള്ള വെല്ലുവിളികളും കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഭക്ഷണം ഊര്‍ജം എന്നിവക്ക് വലിയ വില നല്‍കേണ്ടി വരുന്നതും രൂക്ഷമായ പ്രശ്‌നങ്ങളാണ്. ലോകം നിലനില്‍പ്പിനു വേണ്ടി പ്രയാസപ്പെടുന്നു, ദ്രുവോന്‍മുഖമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളും ജീവിത ചെലവ് വര്‍ധനവും ലോകത്തെ പിടിച്ചു കുലുക്കുന്നു. രാജ്യങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുവെങ്കിലും വികസനം എല്ലാ വിഭാഗങ്ങളിലും അനുഭവവേദ്യമാകുന്നില്ല.

2023 തുടങ്ങിയപ്പോള്‍ തന്നെ പഴയകാലത്ത് രാജ്യങ്ങളെ പിടിച്ചു കുലുക്കിയ പണപ്പെരുപ്പം, ഉയര്‍ന്ന ജീവിത ചെലവ്, വ്യാപാരയുദ്ധങ്ങള്‍, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സാമൂഹിക അസന്തുലിതാവസ്ഥ, ആണവായുധ സാധ്യത എന്നിവയെല്ലാം വിവിധ രാജ്യങ്ങളില്‍ തിരിച്ചു വന്നിരിക്കുന്നു. 30 വര്‍ഷം മുമ്പ് ആരംഭിച്ച ചര്‍ച്ചകളുടെയും യോഗങ്ങളുടെയും തീരുമാനപ്രകാരം ആഗോളതാപനില വര്‍ധന വര്‍ഷത്തില്‍ 1.5 ഡിഗ്രിയില്‍ താഴെ എത്തിക്കുക എന്നത് ദിവാസ്വപ്‌നമായി മാറി.

സാമ്പത്തിക രംഗത്ത് പുഷ്‌കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും. ലോകത്ത് അനുദിനം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ അസമത്വത്തിന് കാരണമാകുന്നതോടൊപ്പം സൈബര്‍ സുരക്ഷ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. സ്ഥിരം ജോലിക്കാര്‍ക്ക് അടക്കം എല്ലാ വിഭാഗം ജോലിക്കാരെയും പിടിച്ചു കുലുക്കുന്ന സാമ്പത്തിക രംഗത്തെ വേതാളങ്ങളുടെ തേര്‍വാഴ്ചയാണ് ലോകത്ത് നടക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ പൗരന്മാര്‍ പെടാപ്പാട് പെടുമ്പോള്‍ വന്‍കിട ഭീമന്മാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തി ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം പൊടിപൊടിപ്പിക്കുന്നു.

വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ ലോകത്ത് മനുഷ്യരാശിയെ വേട്ടയാടി കൊണ്ടിരിക്കുന്നു. നിലനില്‍പ്പിനു വേണ്ടി ഗത്യന്തരമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നു. ലോകത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 35% ജനങ്ങള്‍ കടക്കെണിയിലായിരിക്കുന്നു. ഭക്ഷണത്തിനും ഊര്‍ജത്തിനും പാര്‍പ്പിടത്തിനും വേണ്ടി ജനങ്ങള്‍ ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നത് അപകട സാധ്യതയായി റിപ്പോര്‍ട്ട് കണക്കാകുന്നു. ലോകത്ത് 92 രാജ്യങ്ങളില്‍ ഇന്ധന വില വര്‍ധനവിനെതിരെ ഭരണകൂടങ്ങളെ പിടിച്ചു കുലുക്കുന്ന പ്രക്ഷോഭങ്ങള്‍ നടന്നു. സോമാലിയ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, ടുണീഷ്യ, ഗാന, പാകിസ്താന്‍, ഈജിപിത്, ലബനന്‍ എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമം അടക്കമുള്ള വലിയ പ്രയാസങ്ങള്‍ ജനങ്ങള്‍ നേരിടുന്നുണ്ട് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നെതര്‍ലാന്‍ഡില്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ തെരുവിലിറങ്ങി. അമേരിക്കയിലും ബ്രസീലിലും വലിയ രീതിയില്‍ സൂക്ഷ്മജീവികള്‍ അപ്രത്യക്ഷമാകുന്നു. സേവനമേഖലയില്‍ ഭക്ഷ്യവിതരണ ശൃംഖല 34 രാജ്യങ്ങളില്‍ പ്രതിസന്ധി നേരിടുന്നു. രാജ്യങ്ങള്‍ പലിശ ഉയര്‍ത്തിയതോടെ ചെറുകിട സംരംഭകര്‍ ദുരിതത്തിലായി.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് , മീഥയിന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ അടിക്കടി കൂടിവരുന്നത് നാളിതുവരെ ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തിയിട്ടില്ല എന്നതിന്റെ തെളിവാണ്.
ആരോഗ്യരംഗം വലിയ രീതിയില്‍ വെല്ലുവിളി നേരിടുന്നു. 2030നുള്ളില്‍ 15 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ലോകത്തുണ്ടാകും. അമേരിക്ക ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% ആരോഗ്യ രംഗത്ത് ചെലവ് ചെയ്യുന്നുണ്ടെങ്കില്‍ ഇന്ത്യ 2.5% മാത്രമാണ് ചെലവിടുന്നത്.

ലോകത്ത് ആയുധ കച്ചവടം തകൃതിയായി നടക്കുന്നു, ആയുധ കച്ചവടത്തിന്റെ 80% നടത്തുന്നത് അമേരിക്കയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുമാണ്. കടത്തിന്റെ വളര്‍ച്ച 112 %ആയി വര്‍ധിച്ചിരിക്കുന്നു. കടബാധ്യത കാരണം ശ്രീലങ്ക, എല്‍സാല്‍വഡോര്‍ , പാകിസ്താന്‍, ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ വിഭജനം, സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, വിഭവങ്ങളുടെ അപര്യാപ്തത, ഉയര്‍ന്ന ജീവിത ചെലവ്, കടക്കെണിയിലാകുന്ന സാഹചര്യം, പ്രകൃതിദുരന്തങ്ങള്‍, അതിതീവ്ര കാലാവസ്ഥ എന്നിങ്ങനെ വലിയ പ്രശ്‌നങ്ങള്‍ അപകട സാധ്യതയായി നിലനില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിര്‍ബന്ധിതമായി സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥയും റിപ്പോര്‍ട്ടിലുണ്ട്.

പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം ജനങ്ങള്‍ക്ക് വിഭവങ്ങള്‍ ലഭ്യമാകാത്ത അവസ്ഥ സംജാതമാകുന്നു. വെള്ളം, ലോഹങ്ങള്‍, ധാതുക്കള്‍ എന്നിവ ഭൂമിയില്‍ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകത്ത് അനിയന്ത്രിതമായി ഉപയോഗപ്പെടുന്ന ഇന്റര്‍നെറ്റ് അന്തരീക്ഷത്തില്‍ 3.8%കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് നിലവില്‍ പുറത്ത് വിടുന്നത്. വൈദ്യുതി ഉപയോഗം മൂലമുള്ള കാര്‍ബണ്‍ഡയോക്‌സൈഡ് 7% ആണ്. അനിയന്ത്രിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗം ലോകത്ത് വലിയ വെല്ലുവിളി ഉണ്ടാക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ 17.3% മാത്രമാണ് പുനചക്രമണം ചെയ്യുന്നത് ബാക്കി മുഴുവനും കുഴിച്ചുമൂടുകയാണ്.

ലോകത്ത് 345 ദശലക്ഷം ജനങ്ങള്‍ 82 രാജ്യങ്ങളിലായി വലിയ രീതിയില്‍ കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം നടത്തിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ലോകത്ത് വാക്‌സിന്‍ വിതരണം അടക്കമുള്ള കാര്യത്തില്‍ ഉണ്ടായ രാജ്യങ്ങള്‍ തമ്മിലുള്ള വിവേചനങ്ങള്‍ ഭാവിയിലും തുടര്‍കഥയാകുമെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാകുന്നതാണ്.

webdesk13: