യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധവുമായി ലോകരാഷ്ട്രങ്ങള്‍. ഇതോടെ ബ്രിട്ടണ്‍, അമേരിക്ക, കാനഡ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉപരോധം കടുപ്പിക്കും. പുടിനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ യുഎസ് ഉപരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് റഷ്യയുടെ 12 യു.എന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം. അതേസമയം, അമേരിക്കയുടെ തീരുമാനം നീതികരിക്കാനാകാത്തതാണെന്ന് റഷ്യ പ്രതികരണം നടത്തി.
റഷ്യന്‍ കപ്പലുകള്‍ക്ക് രാജ്യത്തെ തുറമുഖങ്ങളില്‍ ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കാനഡ നിരോധിക്കുകയും ചെയ്തു. റഷ്യയെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിലക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യം ഉന്നയിച്ചു.