X

‘ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോട്’: യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ലോക നേതാക്കള്‍

പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പരിസ്ഥിതി വിഷയത്തില്‍ പാരീസ് ഉടമ്പടിയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. മാപ്പര്‍ഹിക്കാത്ത നീക്കമെന്നായിരുന്നു ട്രംപിന്റെ നീക്കത്തോട് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പ്രതികരണം. പാരീസ് ഉടമ്പടിയുമായി മുന്നോട്ടു പോകുന്ന രാജ്യങ്ങളെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂമിയെ സംരക്ഷിക്കാനുള്ള ഈ ഉദ്യമത്തില്‍ ലോക രാജ്യങ്ങള്‍ കൂട്ടായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് യന്‍കര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ട്രംപിനെതിരെ രംഗത്തെത്തി. രാജ്യത്തിനകത്തു നിന്നും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭാവിയോടുള്ള നിരാകരണമെന്നായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രതികരണം. യുഎസിലെ 61 മേയര്‍മാര്‍ പാരീസ് ഉടമ്പടിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെയുള്ളവരും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി. അതേസമയം 2020നു ശേഷമേ യു.എസിന് കരാറില്‍നിന്ന് പിന്‍മാറാന്‍ കഴിയൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ പ്രകാരം ഉടമ്പടി പ്രാബല്യത്തില്‍ വന്നു മൂന്നു വര്‍ഷത്തിനു ശേഷം നോട്ടീസ് നല്‍കി മാത്രമേ ഒരു രാജ്യത്തിന് പിന്മാറാനാവൂ. പിന്മാറ്റ നടപടികള്‍ പൂര്‍ത്തിയാകാന്‍ പിന്നെയും ഒരു വര്‍ഷമെടുക്കും. അതായത് 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷമേ പിന്മാറ്റം നിലവില്‍ വരൂ. എന്നാല്‍ ഗ്രീന്‍ കാലാവസ്ഥ ഫണ്ടിനുള്ള യു.എസ് സഹായം ഇല്ലാതാകുന്നത് പ്രതിസന്ധിയുണ്ടാക്കും.

chandrika: