കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യന്‍ സേന നടത്തിയ കൂട്ടക്കുരുതിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയരുന്നു. മേഖലയില്‍നിന്ന് 410ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രെയ്ന്‍ പറയുമ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യയും രംഗത്തെത്തി.
ബുച്ച നഗരത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൈകള്‍ കൂട്ടിക്കെട്ടിയും ചുട്ടെരിച്ച നിലയിലുമായിരുന്നു പല മൃതദേഹങ്ങളുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിവിലിയന്‍ കൂട്ടക്കുരുതി ഏറെ ഞെട്ടലുളവാക്കുന്നതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് പറഞ്ഞു. കൊല്ലപ്പെട്ട സിവിലിയന്മാരുടെ ദൃശ്യങ്ങള്‍ ഏറെ ഹൃദയഭേദകമാണ്. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീവ്രവാദികളായ യുക്രെയ്‌നികളുടെ പ്രകോപനപരമായ പ്രചാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണെന്ന് റഷ്യ ആവശ്യപ്പെട്ടു. ബുച്ചയില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്തയെക്കുറിച്ച് റഷ്യന്‍ ചീഫ് പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുറത്തുവന്ന വസ്തുതകള്‍ക്കും കാലഗണനക്കും യുക്രെയ്ന്‍ പറയുന്ന വിശദീകരണങ്ങളുമായി ചേര്‍ച്ചയില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. അതുകൊണ്ട് ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുതെന്ന് ലോക നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൂട്ടക്കുരുതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. ബുച്ചയില്‍നിന്ന് പുറത്തുവന്ന വീഡിയോകളും മറ്റു ദൃശ്യങ്ങളും വ്യാജമാണെന്നാണ് തങ്ങളുടെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌നിലെ ജനങ്ങളോട് സൈന്യം ക്രൂരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്. രാജ്യത്തെ അടിച്ചമര്‍ത്താനുളള വ്യാജ പ്രചാരണങ്ങളാണ് ഇവയെല്ലാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി.
യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പുതിയ ശിക്ഷാനടപടികള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. യുക്രെയ്‌നില്‍ റഷ്യ യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. വംശഹത്യാ ശ്രമങ്ങള്‍ നടന്നതിന് തെളിവുകളുണ്ടെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ജെസ് പറഞ്ഞു. അതേസമയം ചെര്‍ണീവില്‍ ഇപ്പോഴും റഷ്യന്‍ സൈനികരുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. കീവിലും ചെര്‍ണീവിലും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. യുദ്ധം തുടര്‍ന്നുപോകുന്നത് ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് യുക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഏറ്റവും മികച്ച വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതല്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും കൃഷി മന്ത്രി മൈകോള സോള്‍സ്‌കി പറഞ്ഞു.