X

ഹൃദയത്തിന് കൂട്ടിരിക്കാം കുട്ടിക്കാലം മുതല്‍

ഡോ. ശ്രീതള്‍ രാജന്‍ നായര്‍

ഹൃദ്രോഗങ്ങളില്‍നിന്ന് മോചനവും ഹൃദയാരോഗ്യ സംരക്ഷണവും കേന്ദ്രീകരിച്ചാണ് ലോക ഹൃദയദിനമെന്ന ആശയം പിറന്നത്. എല്ലാ വര്‍ഷവും പ്രത്യേക പ്രമേയം ആസ്പദമാക്കിയാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെയിടയില്‍ ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നത്. ഹൃദ്രോഗം മൂലം 1.7 കോടി ജനങ്ങളാണ് എല്ലാ വര്‍ഷവും മരണമടയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍മൂലമാണ്. ഈ വര്‍ഷത്തെ ഹൃദയദിനത്തിന്റെ പ്രമേയം ഓരോ വ്യക്തിയും ഒരു ‘ഹാര്‍ട്ട് ഹീറോ’ ആകണം എന്നതാണ്. അതായത് ഓരോരുത്തര്‍ക്കും ഓരോ വാഗ്ദാനം നല്‍കണം.

ഓരോരുത്തരും എന്നത് കുടുംബം, സമൂഹം, കുട്ടികള്‍, രോഗികള്‍ എന്നാണുദ്ദേശിക്കുന്നത്. (കുടുംബത്തോട്- നല്ല ഭക്ഷണം, സമൂഹത്തോട്- ഹൃദയസംരക്ഷണത്തിന്‌വേണ്ടി പ്രവര്‍ത്തിക്കുക, കുട്ടികളോട്- വ്യായാമം ചെറുപ്പത്തിലേ തുടങ്ങുക, ഓഫീസില്‍- കോണിപ്പടി ഉപയോഗിക്കുക, രോഗികളോട്- നല്ല ശീലങ്ങള്‍ ഉപദേശിക്കുകയും അത് പാലിക്കുകയും ചെയ്യുക). ഇതിലൂടെ ഹൃദയം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ചിട്ടയായ ഭക്ഷണരീതി, ക്രമമായ വ്യായാമം, പുകവലി, ലഹരി വസ്തുക്കള്‍ എന്നിവ ഉപേക്ഷിക്കുക, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുക ഈ നാലുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗത്തെ ഒരുപരിധിവരെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ചെറുപ്പകാലത്തിലുള്ള നല്ല ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ മുന്നോട്ട് കൊണ്ട്‌പോകാന്‍ സാധിക്കും. ലോകത്തില്‍ പ്രത്യേകിച്ചും അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിലും കേരളത്തിലും കുട്ടികളിലെ പൊണ്ണത്തടി സാമൂഹിക പ്രശ്‌നം തന്നെയാണ്. പല കാരണങ്ങള്‍കൊണ്ട് ഇത് സംഭവിക്കാം.

മുലപ്പാല്‍ കിട്ടാതെ വരികയും പാല്‍പ്പൊടി അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പൊണ്ണത്തടി വരാം. മുലപ്പാലിന്റെ കുറവ് പല കാരണങ്ങള്‍കൊണ്ട് വരാം. അമ്മമാര്‍ ജോലി ചെയ്യുന്നവരാകുമ്പോള്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനുള്ള തിടുക്കത്തില്‍ മുലയൂട്ടലിനെക്കുറിച്ച് മറന്നുപോകുന്നു. ലഹരി ഉപയോഗിക്കുന്ന അമ്മമാരില്‍ മുലപ്പാലില്‍ കുറവ് വരാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണം, കോളയുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത്മൂലം ഭാവിയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, അമിതമായ കൊളസ്‌ട്രോള്‍ എന്നിങ്ങനെ പല സ്ഥിതിവിശേഷങ്ങളുണ്ടാവാം. അതിനാല്‍ കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണക്രമവും വ്യായാമശീലവും ചെറുപ്പത്തിലെ വളര്‍ത്തണം.

അതുമൂലം ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ടി.വി, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കൂട്ടുകുടുംബത്തില്‍നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഒരുപരിധിവരെ കുട്ടികളില്‍ വ്യായാമക്കുറവിനും പൊണ്ണത്തടിക്കും കാരണമായിട്ടുണ്ട്. കുട്ടികളെ സൈക്ലിങ്, പുറത്തുള്ള കളികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ കുട്ടികളെ ടി.വി, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതില്‍നിന്നും വഴിതിരിച്ചുവിടാന്‍ സാധിക്കും. ‘വാട്‌സാപ്പ് വിപ്ലവം’ ഒരുപരിധിവരെ മനുഷ്യന്റെ ആരോഗ്യപരമായ ജീവിതശൈലിയെ ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ മുതിര്‍ന്നവരുടെ പാത തന്നെയാണ് പിന്തുടരുക. അതിനാല്‍ ഇതേ കാര്യങ്ങള്‍ വലുതാകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവും വീട്ടിലും ജോലിസ്ഥലത്തും പാലിക്കേണ്ടതാണ്. ജോലിക്കു പോയാല്‍ ജോലി സ്ഥലങ്ങളിലെ ലിഫ്റ്റിന്റെ ഉപയോഗം പരമാവധി കുറച്ച്് കോണിപ്പടി ഉപയോഗിക്കുക. കാന്റീനിലെയും ഹോട്ടലിലെയും ഭക്ഷണം കുറച്ച് വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ ഉപേക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. റെഡ് മീറ്റ് (ആട്ടിറച്ചി, പോത്തിറച്ചി) എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മിതമായ വ്യായാമം ആവശ്യമാണ്. വ്യായാമം പ്രായമനുസരിച്ചാണ് ചെയ്യേണ്ടത്. നാല്‍പത് വയസ്സുകാരനെപ്പോലെ അറുപത് വയസ്സില്‍ വ്യായാമം ചെയ്താല്‍ ശരിയാവില്ല. പ്രായമനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയില്‍ മാറ്റം വരുത്തേണ്ടതട്ടുണ്ട്. ആഴ്ചയില്‍ 150 മിനിട്ട് മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ വര്‍ധനവ് കാണാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതമായ കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള അവസ്ഥകളില്‍ കൃത്യമായി ചികിത്സ തേടണം. മരുന്ന് സമയത്തിനും എല്ലാ ദിവസവും കഴിക്കണമെന്ന് മാത്രമല്ല അത് ശരീരത്തില്‍ ശരിയായ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും വേണം. പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും മരുന്ന് തുടര്‍ന്ന് കഴിച്ചാല്‍ കിഡ്‌നി കേടായിപ്പോകുമെന്ന ധാരണ മിഥ്യയാണെന്ന് മാത്രമല്ല കൃത്യമായി മരുന്ന് കഴിച്ചില്ലെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യത അതിനേക്കാള്‍ ഏറെയുമാണ്. നമ്മുടെ ഹൃദയത്തെ കാത്തുരക്ഷിക്കുന്നത്‌പോലെ മറ്റുള്ളവരുടെ ഹൃദയത്തെയും രക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്താല്‍ എല്ലാവര്‍ക്കും ആരോഗ്യമുള്ള ഭാവി തലമുറ വാര്‍ത്തെടുക്കാന്‍ സാധിക്കും. രാഷ്ട്രത്തിന്റെ ഭാവിയും പുരോഗതിയും അതുമൂലം സുരക്ഷിതമാവുകയും ചെയ്യും.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍ ഡിപ്പാര്‍ട്ട്്‌മെന്റ്് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Test User: