X

അറഫാ സംഗമം ഇന്ന്

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് , ലാ ശരീകലക്….. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ അലംകൃതമായ മിനായിലെ രാപാര്‍ക്കല്‍ തീര്‍ത്ത് അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് അറഫാത്തിലേക്ക് . നാഥന്റെ വിളിക്കുത്തരം നല്‍കി പുണ്യഭൂമിലെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സമ്മേളനത്തില്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അറുപതിനായിരത്തോളം വിവിധ രാജ്യക്കാരായ വിശ്വാസികള്‍ സമര്‍പ്പണ മനസ്സോടെ സ്രഷ്ടാവിന് മുമ്പില്‍ മനസ്സും ശരീരവും സമര്‍പ്പിക്കും.

 

മുന്‍വര്‍ഷങ്ങളെ പോലെ ജനലക്ഷങ്ങള്‍ അണിനിരക്കുന്ന ശുഭ്ര സാഗരമില്ലെങ്കിലും ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികളായി നൂറ്റമ്പതോളം രാജ്യക്കാരായ ഹാജിമാര്‍ മാറും. അറഫാ സംഗമം നടക്കുന്ന വേളയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകമുസ്‌ലിംകള്‍ അറഫാ ദിനത്തില്‍ വ്രതമനുഷ്ടിക്കും .

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കൈകൊണ്ട ശക്തമായ മുന്‍കരുതല്‍ നടപടികളുമായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശം ശാസ്ത്രീയമായി നടപ്പിലാക്കി അല്ലാഹുവിന്റെ അതിഥികള്‍ക്ക് പാഥേയമൊരുക്കുകയായിരുന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും മറ്റു മുപ്പതോളം വകുപ്പുകളുടെയും ഒറ്റക്കെട്ടായുള്ള സേവനം കൈകോര്‍ത്തപ്പോള്‍ കോവിഡ് പ്രതിസന്ധി കാലത്തെ രണ്ടാമത്തെ ഹജ്ജ് കര്‍മം ആയാസരഹിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്ന സന്തോഷത്തിലാണ് ഹാജിമാര്‍ . അപേക്ഷ നല്‍കിയ അഞ്ചു ലക്ഷത്തി അമ്പതിനായിരത്തില്‍ നിന്ന് നറുക്കു വീണ അറുപതിനായിരം ഭാഗ്യശാലികളാണ് കോവിഡ് കാലത്തെ രണ്ടാമത്തെ ഹജ്ജ് കര്‍മത്തിന് തെരഞ്ഞെടുക്കപ്പെട്ടത് . 18 മുതല്‍ 60 വയസ്സ് വരെയുള്ള കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവരാണ് തീര്‍ത്ഥാടകര്‍.

Test User: