X

പരിസ്ഥിതിക്കും ഭീഷണിയാകുന്ന ട്രംപിസം

സതീഷ്ബാബു കൊല്ലമ്പലത്ത്
ഈ വര്‍ഷത്തെ ഭൗമ ദിനത്തിന് വളരെ പ്രാധാന്യമുണ്ട്. ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഹാനികരമായ പരിസ്ഥിതി നയങ്ങള്‍ നടപ്പാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെയുള്ള ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്ന വേളയാണിത്. ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിരിക്കണം ഭൗമദിനം എന്നാണ് ലോക പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത്. 190 ഓളം രാഷ്ട്രങ്ങള്‍ 2015 ഡിസംബര്‍ മാസത്തില്‍ പാരീസില്‍ വെച്ച് ഒരുമിച്ചു ചേരുകയും ഭൂമിയുടെ ആസന്നമായ നാശം ചെറുക്കുന്നതിനു വേണ്ടി പാരീസ് കരാര്‍ എന്ന പേരില്‍ ഒരാഗോള കരാര്‍ തന്നെ അംഗീകരിക്കുകയും ചെയ്തു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഒബാമയുടെ നേതൃത്വത്തില്‍ രൂപംനല്‍കിയ ഈ കരാര്‍ ഇന്ത്യ അടക്കമുള്ള 190 ഓളം രാജ്യങ്ങള്‍ അംഗീകരിച്ചെങ്കിലും ഇന്ന് അവ നടപ്പാക്കുന്നതില്‍ നാം വിമുഖത കാണിക്കുന്നുണ്ട്. പരിസ്ഥിതി വിരുദ്ധനായ ട്രംപ് അധികാരത്തിലേറിയ ഉടന്‍ തന്നെ ആഗോള കരാറില്‍ നിന്ന് പിന്മാറി വ്യവസായങ്ങള്‍ നടത്തുന്നതിന് അമേരിക്കന്‍ ജനതക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലെന്നും അതു ശാസ്ത്രജ്ഞന്മാരുടെ സൈദ്ധാന്തിക ഗൂഢാലോചനയാണെന്നും തട്ടിപ്പാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് ട്രംപ്. ഇതിന്റെ ഫലമായി ലോക പരിസ്ഥിതിയെ തന്നെ മൊത്തം ബാധിക്കുന്ന ടോക്കോട്ടോ ആക്‌സസ് പൈപ്പ്‌ലൈന്‍ കരാര്‍ ജനുവരി 24 ന് ഒപ്പിട്ടു. അഞ്ചു ലക്ഷം ക്രൂഡ് ഓയില്‍ അമേരിക്കയിലേക്കെത്തിപ്പെടുമ്പോള്‍ അതിന്റെ ഫലമായി അഞ്ചോളം സ്റ്റേറ്റുകളുടെ ഭൂമികള്‍ 90 ശതമാനവും കൃഷി യോഗ്യമല്ലാതാവും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഈ ദൗത്യവുമായി അദ്ദേഹം മുന്നോട്ടുപോയത്. ട്രംപ് നടപ്പാക്കിയ പരിസ്ഥിതി വിരുദ്ധ നിലപാട് ഭൂമിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ മൊത്തം ഈയൊരു നടപടിയെ എതിര്‍ക്കുന്നത്. 2013-ല്‍ ഓസോണിന്റെ അളവ് 75 പി.ബിയില്‍ നിന്നും 70 പി.ബിയായി കുറച്ചു കൊണ്ടുവരാന്‍ ഒബാമക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓസോണിന്റെ അളവ് കുറഞ്ഞത് പരിസ്ഥിതി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിക് മേഖലയില്‍ ഡ്രില്ലിങ് നടത്തി കൂടുതല്‍ എണ്ണ സമ്പാദിക്കുന്ന രീതിയും ഭൂമിയില്‍ കാര്‍ബണിന്റെ അംശം വര്‍ധിക്കുന്നതിന് ഇടവരുത്തുന്നുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഇവിടെ ഡ്രില്ലിങ് നടത്തുന്നതിന്റെ ഭാഗമായി കാര്‍ബണ്‍ ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപിച്ച് ഇന്നു നിലവിലുള്ള 400 പി.പി.എം കാര്‍ബണില്‍ നിന്നും (ഇതുതന്നെ ഏറ്റവും അപകടം കൂടിയത്) 470 പി.പി.എം ആയി വര്‍ധിക്കുമെന്നും ആഗോള താപനില ഇന്നുള്ളതില്‍ നിന്നും 0.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ച് ഭൗമനാശത്തിന് കൂടുതല്‍ വേഗത വരുത്തും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രംപ് അധികാരത്തിലേറിയ ശേഷം ഇന്ത്യയും അമേരിക്കന്‍ പരിസ്ഥിതി നയം തന്നെയാണ് സ്വീകരിച്ചുപോരുന്നത്. കാലാവസ്ഥാ കരാറില്‍ കല്‍ക്കരിയും എണ്ണ വാതകങ്ങളും നിരുത്സാഹപ്പെടുത്തണമെന്ന് പ്രഖ്യാപിക്കുന്ന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസം മുമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യുക മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്ക് 204 ഓളം കല്‍ക്കരി ഖനികളില്‍ ഖനനം നടത്തുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും കല്‍ക്കരിയുടേയും ജൈവ ഇന്ധനത്തിന്റേയും അളവ് 10 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 16 ശതമാനത്തോളം ഉപഭോഗത്തില്‍ വര്‍ധനവുണ്ടായത് കാലാവസ്ഥാ കരാറിന്റെ ലംഘനമാണ്. സ്റ്റോക്ക്‌ഹോമിലെ പരിസ്ഥിതി വിദഗ്ധനായ ഓവന്‍ ഗഫ്‌നെ ഇന്ത്യയുടെ ഈ ചാഞ്ചാട്ടത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ഈ നിലയില്‍ കോള്‍ പവര്‍ പ്ലാന്റും ജൈവ ഇന്ധനവും ഉപയോഗിക്കുകയാണെങ്കില്‍ ലോക കാര്‍ബണ്‍ വിസര്‍ജനത്തിന്റെ പകുതിയും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിച്ചിരുന്ന ചൈനയുടെ സ്ഥിതി മാറി ഉപഭോഗ നിരക്ക് ഓരോ വര്‍ഷവും നാല് ശതമാനം കണ്ട് കുറഞ്ഞുവരികയാണ്. സോളാര്‍ വൈദ്യതിയുടെ ഉത്പാദന നിരക്ക് 2014ല്‍ 400 മെഗാവാട്ട് ആയിരുന്നത് 2016 ആകുമ്പോഴേക്കും 1,45,000 മെഗാവാട്ടായി വര്‍ധിച്ചത് ഈ കരാറിനോടുള്ള ചൈനയുടെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. ഒബാമയുടെ കാലത്ത് മെര്‍ക്കുറിയുടെ ഉപഭോവും ഉത്പാദനവും നിയന്ത്രിക്കുന്നതിന് എന്‍വിറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് പ്രത്യേക അവകാശം നല്‍കിയിരുന്നു. ട്രംപ് ഈ പ്രത്യേക അവകാശം എടുത്തുമാറ്റിയതുപോലെ ഇന്ത്യയുടെ മെര്‍ക്കുറി പ്ലാന്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
കാലിഫോര്‍ണിയ മാത്രമാണ് ആഗോള കരാറുമായി മുന്നോട്ടുപോയി അത് ശക്തമായി നടപ്പാക്കുന്ന ഒരു രാജ്യം. ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും പുനരുത്പാദന ഊര്‍ജവും സീറോ വെഹിക്കിള്‍ പൊല്യൂഷന്‍ എന്ന തത്വം അംഗീകരിച്ചു 2030 കളില്‍ ലോകം എത്തിപ്പെടേണ്ട പരിസ്ഥിതി നിലവാരത്തിലേക്ക് അവര്‍ കുതിച്ചത് ശുഭപ്രതീക്ഷ നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ പരിസ്ഥിതി പ്രവര്‍ത്തനത്തെ മൊത്തം ഏകോപിപ്പിക്കുന്ന സംഘടനയാണ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി. ട്രംപ് അധികാരത്തില്‍ വന്നശേഷം ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തുകയും 815 ഓളം മില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തു. ലോകത്തെ മൊത്തം കാര്‍ബണ്‍ വിസര്‍ജനത്തിന്റെ 28 ശതമാനവും സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. ജി-7 രാഷ്ട്രങ്ങള്‍ അടക്കം അഞ്ചു രാഷ്ട്രങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ മൊത്തം കാര്‍ബണ്‍ വിസര്‍ജനത്തിന്റെ 60 ശതമാനം വരും.
ആഗോള കാലാവസ്ഥാ കരാറില്‍ ഒപ്പിട്ട ഇന്ത്യ ഓരോ ബജറ്റിലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. 2016-17 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ഇതിന് കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ആഗോള കാലാവസ്ഥാ കരാര്‍ ഒപ്പിട്ടതിനു ശേഷം നല്‍കിയ എന്‍.ഡി.സി (ഓരോ രാജ്യങ്ങളും നടപ്പാക്കേണ്ട ഹരിതനയം മുന്‍കൂട്ടി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം)യില്‍ ഇന്നുള്ളതിന്റെ 30 ശതമാനം കണ്ട് 2020 ആവുമ്പോഴേക്കും കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. പാരീസ് കരാറില്‍ നല്‍കിയ എന്‍.ഡി.സി അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ മുതല്‍ മൂന്നു മില്യണ്‍ ടണ്‍ വരെ കാര്‍ബണ്‍ വിസര്‍ജനം കുറക്കേണ്ടതുണ്ട്. ഒരു ലക്ഷം കോടി രൂപ ഈ ക്ലീന്‍ എനര്‍ജി പ്രോഗ്രാമിനാവുമെങ്കിലും 74.15 കോടി രൂപ മാത്രമാണ് നീക്കിവെക്കപ്പെട്ടത്. ഭൂമിയെ രക്ഷിക്കുന്നതിന് 2022 ആവുമ്പോഴേക്കും 175 ജിഗാവാട്ട് പുനരുത്പാദന മേഖലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഒബാമ മാറിയതോടെ ഇന്ത്യയുടെ ഹരിത നയത്തില്‍ മാറ്റം വരുത്തി ട്രംപിന് അനുകൂലമായി പരിസ്ഥിതി ചട്ടങ്ങളെ മാറ്റിയെടുക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലീന്‍ എനര്‍ജി ഫണ്ടിലേക്ക് ഓരോ വര്‍ഷവും 13,000 കോടി രൂപ വന്നുചേരുന്നുണ്ടെങ്കിലും അതില്‍ 5000 കോടി രൂപ മാത്രമാണ് ഹരിത ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനു വേണ്ടി മാറ്റിവെക്കപ്പെട്ടിട്ടുള്ളത്. ഇതും ട്രംപ് വന്നതിനു ശേഷമുള്ള നയപരമായ മാറ്റമാണ്.
കടല്‍ വഴിയും കര വഴിയും മലിന വാതകങ്ങള്‍ സഞ്ചരിച്ച് ചെറുകിട രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തുകയും അതുവഴി ആരോഗ്യം, ജലസമ്പത്ത് തുടങ്ങിയവയില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഋഃലേൃിമഹ ടൗൃുഹൗ െുീഹഹൗശേീി പ്രഭാവം എന്നു പറയുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും താപനിരക്ക് അമിതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാലാം ഐ.പി.സി.സി റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ 12 മാസത്തില്‍ 11 മാസവും ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭൂമിയുടെ താപം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2015 ലെ ഉഷ്ണത്തെ അപേക്ഷിച്ച് 2016-ല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസോളം വര്‍ധിച്ചതിന്റെ ദുരന്തം ലോകത്തെ എല്ലാ ആളുകളും അനുഭവിക്കുന്നത് ഈയൊരു ഇ.എസ്.പി പ്രഭാവം മൂലമാണ്. ഇന്നത്തെ രീതിയില്‍ വായു മലിനീകരണം തുടരുകയാണെങ്കില്‍ ഗ്രീന്‍ലാന്‍ഡ് അടക്കമുള്ള 30 ഓളം ദ്വീപുകള്‍ 2030 ആവുമ്പോഴേക്കും വെള്ളത്തിനടിയിലാവും. ഒരു ശതമാനം പോലും കാര്‍ബണ്‍ വിസര്‍ജനം നടത്താത്ത ചെറിയ ദ്വീപുകളും ഇതില്‍പ്പെടും. അതുകൊണ്ടാണ് കഴിഞ്ഞ പാരീസ് ഉച്ചകോടിയില്‍ ദ്വീപ് നിവാസികളുടെ പ്രതിനിധികള്‍ അവരുടെ ആശങ്ക അറിയിച്ചത്. ഓരോ വര്‍ഷവും 45 മില്യണ്‍ മെട്രിക് ടണ്ണോളം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നുണ്ട്. അതില്‍ 30 ശതമാനവും കടലില്‍ പോയി ലയിക്കുകയും കടല്‍ ജൈവ സന്തുലിതാവസ്ഥ അപകടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കടലില്‍ നിക്ഷേപിക്കപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സൂര്യതാപനമേറ്റ് വീണ്ടും മുകളിലേക്ക് വരികയും കടല്‍പ്പരപ്പില്‍ മര്‍ദ്ദ വ്യത്യാസമുണ്ടാക്കി എല്‍നിനോ പ്രതിഭാസം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ചൂടുകാറ്റ് കരപ്രദേശത്തേക്ക് വീശുമ്പോള്‍ അസാധാരണമായ മണല്‍ക്കാറ്റുണ്ടാവുന്നു.

chandrika: