X

സന്നാഹം ഇന്നുമുണ്ട്

 

മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര്‍ മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്‌പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ സ്പാനിഷ് സംഘത്തിന് ഇന്ന് അര്‍ജന്റീനിയന്‍ വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 2006ലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് അര്‍ജിന്റീന ഇന്നിറങ്ങുന്നത്. യോഗ്യത റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും മെസുയുടേയും അഗ്വൂറോയുടേയും അഭാവത്തില്‍ നേടിയ ജയം ടീമിന് ചെറുതല്ലാത്ത ആത്മ ബലമാണ് നല്‍കുന്നത്. അതേ സമയം സന്നാഹ മത്സരത്തില്‍ ജര്‍മ്മനിയുമായി സമനില പാലിച്ച സ്‌പെയിയിനിന് ലോകകപ്പിന് മുമ്പ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ന്. സ്‌പെയിനിനെക്കാളും രണ്ട് റാങ്ക് മുകളിലായി ഫിഫ റാങ്കിങില്‍ നാലാം സ്ഥാനത്താണ് മെസിയുടെ അര്‍ജന്റീന. എട്ടു വര്‍ഷം മുമ്പാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-1ന് വിജയിച്ചിരുന്നു. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഡേവിഡ് സില്‍വ ഇന്ന് സ്പാനിഷ് സംഘത്തോടൊപ്പമുണ്ടാകും. ജര്‍മ്മനിക്കെതിരെ സൈഡ് ബെഞ്ചിലിരുത്തിയ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലന്‍സോ എന്നിവര്‍ക്കും ഇന്ന് അവസരം ലഭിച്ചേക്കും. ഇറ്റലിക്കെതിരെ കളിക്കാതിരുന്ന ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, മഷരാനോ തുടങ്ങിയവര്‍ക്ക് ഇന്ന് അര്‍ജന്റീനിയന്‍ നിരയില്‍ അവസരം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ബെലോ ഹൊറിലോണ്ടയില്‍ നാലു വര്‍ഷം മുമ്പേറ്റ 7-1ന്റെ അപമാനകരമായ തോല്‍വിയുടെ വേട്ടയാടല്‍ മാറ്റാന്‍ ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ സന്നാഹ മത്സരത്തിനിറങ്ങുന്നു. ആളുകള്‍ ഇപ്പോഴും ജര്‍മ്മനിക്കെതിരെ എന്നു പറയുമ്പോള്‍ 7-1ന്റെ തോല്‍വിയെ കുറിച്ചാണ് പറയുക. എന്നാല്‍ സ്‌പോര്‍ട്‌സിലെ വെല്ലുവിളി എന്നതിനേക്കാളുപരി ഇത് വൈകാരികമായ വെല്ലുവിളിയാണെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെ തന്നെ പറയുന്നത്. പക്ഷേ ഇത്തവണ കളി മാറും, തങ്ങളുടെ മികച്ച പ്രകടമായിരിക്കും പുറത്തെടുക്കുക എന്ന് ടിറ്റെ ആണയിടുന്നു. ലോകകപ്പിന് ശേഷം 2016 റിയോ ഒളിംപിക്‌സില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ബ്രസീല്‍ പെനാല്‍റ്റിയില്‍ മത്സരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീനിയര്‍ തലത്തില്‍ ഇരു ടീമുകളും 2014 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഡഗ്ലസ് കോസ്റ്റക്കു പകരം ഇന്നത്തെ മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയായിരിക്കും മഞ്ഞപ്പടക്കു വേണ്ടി കളിക്കുക.
അതേ സമയം വെള്ളിയാഴ്ച സ്‌പെയിനിനെതിരെ 1-1ന് സമനില പാലിച്ച ടീമില്‍ തോമസ് മ്യൂളര്‍, മെസ്യൂട്ട് ഓസില്‍, എംറെ കാന്‍ തുടങ്ങിയവരടക്കം അഞ്ചു മാറ്റങ്ങള്‍ വരുത്തുമെന്ന് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ സൂചന നല്‍കിയിട്ടുണ്ട്. യുവ താരങ്ങളെ വെച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ജര്‍മ്മനിക്ക് ബ്രസീലിനെ മറികടക്കാന്‍ നിരവധി തന്ത്രങ്ങളുണ്ടെന്നാണ് കോച്ച് പറയുന്നത്. ഫ്രാന്‍സ് ഇന്ന് റഷ്യക്കെതിരെ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തിലവര്‍ കൊളംബിയയോട് തോറ്റിരുന്നു.

chandrika: