ബ്രസീലിയ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന തയാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ ഘാന, ടുണീഷ്യ എന്നീ രാജ്യങ്ങളുമായി സന്നാഹ മത്സരം കളിക്കും. യൂറോപ്പില്‍ വെച്ചായിരിക്കും മത്സരങ്ങള്‍. സെപ്തംബര്‍ 23, 27 തീയതികളില്‍ നടക്കുന്ന മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയുമായി ശേഷിച്ചിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 22നായിരുന്നു അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരം കളിക്കേണ്ടിയിരുന്നത്. സന്നാഹ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ലോകകപ്പ് യോഗ്യത മത്സരം കൂടുതല്‍ കളിക്കാത്തവരെയായിരിക്കും അദ്ദേഹം പരിഗണിക്കുകയെന്നാണ് വിവരം.
ലോകകപ്പില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍ കളിക്കുക. ഘാന ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കൊപ്പമാണ്. ടുണീഷ്യ ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പവുമാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്.