മുഹമ്മദ് ഷാഫി
കോസ്റ്ററിക്ക 0 – സെര്‍ബിയ 1
#COSSER
ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ മികവും വെച്ചുള്ള സ്വാഭാവികമായ ഒരു നിരീക്ഷണമാണിത്. ബ്രസീല്‍ ചതിക്കില്ലെന്നു കരുതാം). അതുകൊണ്ടുതന്നെ എല്ലാ മത്സരവും അതീവ പ്രാധാന്യമുള്ളതും മൂന്നു കൂട്ടര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശം നല്‍കുന്നതുമാണ്. എന്നിട്ടും കോസ്റ്ററിക്ക – സെര്‍ബിയ മത്സരം ഹാഫ് ടൈമിനു ശേഷമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. കളി കണ്ടതു മുതലായി. അലക്‌സാണ്ടര്‍ കോളറോവിന്റെ അതിമനോഹരമായൊരു ഫ്രീകിക്ക് ഗോളും കോസ്റ്ററിക്കയുടെ ഒന്നിനു പിന്നാലെ ഒന്നായുള്ള ആക്രമണത്തിരകളും സെര്‍ബിയയുടെ കരിങ്കല്‍ ഡിഫന്‍സും ടച്ച്‌ലൈനിലെ കൂട്ടത്തലും കാണാന്‍ കഴിഞ്ഞു.
കളിയില്‍ മുഴുകിയപ്പോഴാണ് സെര്‍ബിയന്‍ നിരയിലെ പല പേരുകളും നല്ല പരിചയമുണ്ടല്ലോ എന്ന കാര്യം ശ്രദ്ധിക്കുന്നത്. കോളറോവ്, ഇവാനോവിച്ച്, മാറ്റിച്ച്, മിത്രോവിച്ച്, ടാഡിച്ച് എല്ലാവരും ക്ലബ്ബ് ലെവലില്‍ ടോപ് ഡിവിഷനില്‍ കളിക്കുന്നവരാണ്. കെയ്‌ലര്‍ നവാസ് മാത്രമാണ് കോസ്റ്ററിക്ക നിരയില്‍ എനിക്കു പരിചിതന്‍. പക്ഷേ, കളി തുറന്നതും ഇരുവശത്തും പന്തെത്തുന്നതുമായിരുന്നു. സെര്‍ബിയ ആണ് ഒരുപടി മുന്നിട്ടുനിന്നത്. മൂന്ന് ഡിഫന്റര്‍മാര്‍ക്കു പുറമെ മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍ക്കു കൂടി പ്രതിരോധച്ചുമതല ഉണ്ടായിരുന്നു എന്നു തോന്നി.
കോളറോവിന്റെ ഫ്രീകിക്ക് മാത്രമല്ല, സെര്‍ബിയക്ക് തുറന്ന വേറെയും അവസരങ്ങള്‍ ലഭിച്ചിരുന്നു. ദൗര്‍ഭാഗ്യവും അലസതയും കൊണ്ടാണ് അവര്‍ക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നത്. ഗോള്‍ വഴങ്ങിയ ശേഷം കോസ്റ്ററിക്കന്‍ ആക്രമണത്തിന്റെ തീവ്രത കൂടിയെങ്കിലും ഉയരക്കാരും ബലിഷ്ഠരുമായ സെര്‍ബുകള്‍ അതിനുവേണ്ടി തയ്യാറായിരുന്നു. അതിനിടയില്‍, എതിര്‍ഹാഫിലേക്ക് പന്തെത്തിക്കാനും ലാറ്റിനമേരിക്കക്കാരുടെ ജോലി ഇരട്ടിയാക്കാനും അവര്‍ക്കായി. 97-ാം മിനുട്ടിലെ മുഖത്തടി ഫൗളില്‍ പ്രിയോവിച്ച് മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ടത് സെര്‍ബിയയുടെ ഭാഗ്യമായി.
ബ്രസീലിനോട് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ സെര്‍ബിയക്ക് അടുത്ത റൗണ്ടില്‍ കളിക്കാം. അതവര്‍ അര്‍ഹിക്കുന്നുണ്ടു താനും. കോസ്റ്ററിക്കക്കാവട്ടെ കാര്യങ്ങള്‍ കഠിനമാണ്. അവര്‍ക്കു മുന്നേറണമെങ്കില്‍ ബ്രസീലിനു വല്ലതും പറ്റേണ്ടി വരും.