ഹെല്‍സിങ്കി: വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വി.എ.ആര്‍) ഏര്‍പ്പെടുത്തുന്നതോടെ റഷ്യ ലോകകപ്പ് ഏറ്റവുമധികം ചുവപ്പുകാര്‍ഡുകള്‍ കാണുന്ന ടൂര്‍ണമെന്റായിരിക്കുമോ എന്ന് ആശങ്ക. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് റഷ്യയില്‍ കൂടുതല്‍ ചുവപ്പുകാര്‍ഡ് കാണാനുള്ള സാധ്യത വ്യക്തമാകുന്നത്. ഫൗളുകളും മറ്റും സ്ലോമോഷനില്‍ വിലയിരുത്തുമ്പോള്‍ കൂടുതല്‍ കടുത്ത ശിക്ഷ നല്‍കാനുള്ള സാധ്യത വര്‍ധിക്കുമെന്നും റഫറി നേരില്‍ക്കാണുന്നതിനേക്കാള്‍ വളരെ കൂടുതലായൊന്നും കൃത്യത അവകാശപ്പെടാന്‍ വി.എ.ആറിന് കഴിയില്ലെന്നും ഡോ. ജോക്കിം സ്പിറ്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു.
കൃത്രിമസഹായമില്ലാതെയുള്ള റഫറിമാരുടെ തീരുമാനങ്ങളുടെ കൃത്യത 61 ശതമാനമാണെങ്കില്‍ വി.എ.ആര്‍ സഹായത്തോടെയുള്ള കൃത്യത 63 ശതമാനമാണ്. അതേസമയം, ഫൗളിന്റെ വീഡിയോ സ്ലോമോഷനില്‍ കാണുന്ന റഫറിമാര്‍ ചുവപ്പുകാര്‍ഡ് നല്‍കാനുള്ള സാധ്യത, നേരിട്ട് കാണുന്നതിനേക്കാള്‍ 100 ശതമാനം കൂടുതലാണ്. റഫറിമാരെ കൂടുതല്‍ കടുപ്പക്കാരാക്കാനാവും വി.എ.ആര്‍ സഹായിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു.
33 വ്യത്യസ്ത ക്യാമറ ആംഗിളുകളാണ് വീഡിയോ റഫറിമാര്‍ ആശ്രയിക്കുക. ഇവയില്‍ പലതും സ്ലോമോഷനിലുള്ള വീഡിയോ ആണ് നല്‍കുക. ഫൗള്‍ മനപ്പൂര്‍വമാണോ എന്ന കാര്യം ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കും. ചുവപ്പുകാര്‍ഡ്, ആളു മാറി കാര്‍ഡ് കൊടുക്കല്‍, പെനാല്‍ട്ടി, ഗോള്‍ എന്നിവ പരിശോധിക്കാനായിരിക്കും വി.എ.ആര്‍ ഉപയോഗിക്കുക.