മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.
നിഷ്‌നി നോവോഗാര്‍ഡിലെ നിഷ്‌നി നോവോഗാര്‍ഡ് സ്‌റ്റേഡിയത്തിലെ അവസാന മല്‍സരത്തില്‍ ലോക ഫുട്‌ബോളിലെ അതികായരായ മുന്‍നിരക്കാരുടെ ബലാബലവും. അര്‍ജന്റീന ഇവിടെ കളിക്കുമെന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ധാരാളം. അവരില്‍ പകുതിയോളം പേര്‍ ടിക്കറ്റ് വിറ്റ് മടങ്ങിയിരിക്കുന്നു. ഫ്രാന്‍സിന് പകരം അര്‍ജന്റീന വരേണ്ടതായിരുന്നു ഇവിടെ. പക്ഷേ മെസിയും സംഘവും തോറ്റ് പുറത്തായപ്പോള്‍ തല താഴ്ത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ പക്ഷേ ഇന്ന് ഉറുഗ്വേക്കാര്‍ക്കൊപ്പമാണ്-അത് വന്‍കരാ സ്‌നേഹം.
രണ്ട് ടീമിലും ഉഗ്രരായ മുന്‍നിരക്കാരുണ്ട്. ഫ്രാന്‍സ് സംഘത്തില്‍ കൈലിയന്‍ മാപ്പെ, ഒലിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രിസ്മന്‍, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ വമ്പന്മാര്‍. ഉറുഗ്വേ സംഘത്തില്‍ മുന്‍നിരയിലെ കുന്തമുനകളായ എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും. ഇവരെ പിടിച്ചു കെട്ടാന്‍ രണ്ട് സംഘത്തിലുമുണ്ട് കനമുള്ള പിന്‍നിരക്കാര്‍. റഷ്യ ദര്‍ശിച്ച മികച്ച ഡിഫന്‍സാണ് ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വേയുടേത്. അതിനെ തുളച്ചുകയറുക എന്നത് ഒരിക്കലും എളുപ്പമായിരിക്കില്ല ഫ്രഞ്ച് ആക്രമണനിരക്ക്. ജോസ് ഗിമിനസ്, ഗുലെര്‍മോ വരേല, മാര്‍ട്ടിന്‍ കസാറസ് എന്നിവരാണ് പ്രതിരോധത്തില്‍ നായകനെ സഹായിക്കുന്നവര്‍. ഈജിപ്തുകാരും സഊദിക്കാരും റഷ്യക്കാരും നുഴഞ്ഞ് കയറാന്‍ നോക്കിയിട്ട് കുലുങ്ങിയിട്ടില്ല ഇവര്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടിച്ചുകയറ്റത്തിനും ഇവര്‍ തടയിട്ടിരുന്നു. ഈ കൂടാരത്തെ ഉലക്കാന്‍ പക്ഷേ വേഗതയില്‍ എംബാപ്പെക്ക് കഴിയും, തന്ത്രങ്ങളില്‍ ഗ്രിസ്മാന് കഴിഞ്ഞേക്കാം, വായുവില്‍ ജിറൂഡിനും.
മറുഭാഗത്ത് ഫ്രഞ്ച് ഡിഫന്‍സിലേക്് വരുക. നായകന്‍ റാഫേല്‍ വരാനെയാണ് ഒന്നാമന്‍. റയല്‍ മാഡ്രിഡിന്റെ ശക്തനായ ഡിഫന്‍ഡര്‍. അദ്ദേഹത്തിന് കൂട്ടായി കിംപെമെ, ജിബ്രില്‍ സിദിബെ, ലുക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍. ഇവരെ മറികടക്കാന്‍ ലൂയിസ് സുവാരസ്-എഡ്ഗാര്‍ കവാനി കോമ്പിനേഷന് കഴിഞ്ഞാല്‍ ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ ഹുഗോ ലോറിസിന്് പിടിപ്പത് പണിയാവും. ഈ ഡിഫന്‍സിനെ മൂന്ന് വട്ടം മറികടന്ന് അര്‍ജന്റീനക്കാര്‍ ഗോള്‍ നേടിയിരുന്നു എന്നതാണ് ഫ്രഞ്ചുകാര്‍ രഹസ്യമായി പറയുന്നത്.
മധ്യനിരയിലേക്ക് വന്നാല്‍ പക്ഷേ വ്യക്തമായ മുന്‍ത്തൂക്കം 98 ലെ ലോക ചാമ്പ്യന്മാര്‍ക്കാണ്. രണ്ട് എണ്ണം പറഞ്ഞ് മധ്യനിരക്കാരാണ് പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും. ഇവര്‍ക്കൊപ്പം കളിക്കേണ്ടിയിരുന്ന മറ്റൗഡി ഇന്ന് പുറത്തിരിക്കുന്നത് പക്ഷേ ക്ഷീണമാവും. റോഡിഗ്രോ ബെന്‍ഡാന്‍സറാണ് ഉറുഗ്വേ മധ്യനിരക്ക്് കരുത്ത് പകരുന്നത്. നഹിയാന്‍ നാന്‍ഡസ്, മത്തിയാസ് വസീനോ എന്നിവരുമുണ്ടാവും ലാറ്റിനമേരിക്കന്‍ മിഡ്ഫീല്‍ഡിന് ഊര്‍ജ്ജം പകരാന്‍.
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇന്ന് കളി തുടങ്ങുംമുമ്പ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഉറുഗ്വേ ക്യാംപിന്റെ പ്രതീക്ഷ. കവാനി ഇല്ലെങ്കിലും കളിക്കാനാവുമെന്ന് ലൂയിസ് സുവാരസ് പറയുന്നുണ്ടെങ്കിലും മത്സരത്തില്‍ സൂപ്പര്‍ താരത്തിന്റെ അസാന്നിധ്യം വ്യക്തമായും നിഴലിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.
പരിശീലകരാവട്ടെ തന്ത്രങ്ങളുടെ ഉസ്താദുമാരാണ്. ഓസ്‌ക്കാര്‍ ടബരസ്-ഈ ലോകകപ്പിലെ ഏറ്റവും സീനിയര്‍ പരിശീലകന്‍. ആവേശമല്ല-ബുദ്ധിയാണ് മൈതാനത്ത് വേണ്ടതെന്ന് വിളിച്ചു പറയുന്ന കോച്ച്. ദീദിയര്‍ ദെഷാംപ്‌സാവട്ടെ ചരിത്രത്തിനാണ് ഒരുങ്ങുന്നത്. നായകന്‍ എന്ന നിലയില്‍ ലോകകപ്പ് ഉയര്‍ത്തിയ ഫ്രഞ്ചുകാരന് പരിശീലകന്‍ എന്ന നിലയിലും ഒന്നാമനായി കൈസര്‍ ബെക്കന്‍ബോവറുടെ റെക്കോര്‍ഡിലെത്തണം. കാണാന്‍ മറക്കരുത് ഈ കിടിലനങ്കം.