X

സമനിലക്കുരുക്കില്‍ അര്‍ജന്റീന; ലോകകപ്പ് പ്രവേശം ത്രിശങ്കുവില്‍

ബ്യൂണസ് അയേഴ്‌സ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ കാണാനാവുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരായ വെനസ്വേലയുമായി 1-1ന് സമനില പാലിച്ചതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും അര്‍ജന്റീനക്ക് ജീവന്‍ മരണ പോരാട്ടമാണ്.

സൂപ്പര്‍ താരം മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങി മുന്‍നിര താരങ്ങളെയെല്ലാം അണി നിരത്തി സ്വന്തം നാട്ടുകാര്‍ക്കു മുമ്പില്‍ കളിച്ചിട്ടും അര്‍ജന്റീനയ്ക്ക് ദുര്‍ബലരായ വെനസ്വേലയെ മറികടക്കാനായില്ല. ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ച വെനസ്വേലക്കു മുന്നില്‍ സാംപോളിയുടെ സംഘം വ്യക്തമായ ആധിപത്യം കളിയില്‍ നേടിയിട്ടും വിജയം കൈവശപ്പെടുത്താനായില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 50-ാം മിനിറ്റില്‍ അര്‍ജന്റീനക്കു വേണ്ടി ആര്‍ത്തു വിളിച്ച സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് ജോണ്‍ മ്യൂറിപ്പോയിലൂടെ വെനസ്വേലയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ നാല് മിനിറ്റ് നേരത്തെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായുള്ളൂ. ഭാഗ്യം അര്‍ജന്റീനയുടെ പക്ഷത്തെത്തിയത് സെല്‍ഫ് ഗോള്‍ രൂപത്തിലായിരുന്നു.

54-ാം മിനിറ്റില്‍ ഇക്കാര്‍ഡിയുടെ സമ്മര്‍ദ്ദം അതിജീവിക്കുന്നതിനിടെ വെനസ്വേലയുടെ റോള്‍ഫ് ഫ്‌ളെച്ചറുടെ കാലില്‍ നിന്നും സ്വന്തം വലയിലേക്ക് പന്ത് പതിച്ചു. സ്‌കോര്‍ 1-1. പെറു, ഇക്വഡോര്‍ ടീമുകളുമായാണ് അര്‍ജന്റീനക്ക് ഇനി മത്സരങ്ങളുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യതയും അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അവസരവും ലഭിക്കും. അതേ സമയം മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയതിനാല്‍ ബ്രസീലിന് മത്സരം നിര്‍ണായകമായിരുന്നില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് വില്യനിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍ രണ്ടാം പകുതിയുടെ 11-ാം മിനിറ്റില്‍ റെഡാമല്‍ ഫാല്‍ക്കോവോയിലൂടെ കൊളംബിയ സമനില കരസ്ഥമാക്കി. 16 മത്സരങ്ങളില്‍ നിന്നും 37 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമനിലയോടെ 16 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊളംബിയക്ക് അടുത്ത രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.

പരാഗ്വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഉറുഗ്വേ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ ആറു മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതിരുന്ന ഉറുഗ്വേയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് വിജയം. 76-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ഫെഡറികോ വാല്‍വെര്‍ദയിലൂടെയാണ് ഉറുഗ്വേ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. നാല് മിനിറ്റിന് ശേഷം ഗോമസിന്റെ സെല്‍വ് ഗോളിലൂടെ ഉറുഗ്വേ 2-0ന് മുന്നിലെത്തി. 88-ാം മിനിറ്റില്‍ റൊമേരോ പാരഗ്വേയുടെ ആശ്വാസ ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ ലോകകപ്പ് പ്രവേശം അടഞ്ഞ അധ്യായമായ ബൊളീവിയ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. 59-ാം മിനിറ്റില്‍ യുവാന്‍ കാര്‍ലോസ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ബൊളീവിയയെ വിജയത്തിലെത്തിച്ചത്. തോല്‍വിയോടെ 16 മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി ചിലി അര്‍ജന്റീനക്കു പിന്നില്‍ ആറാം സ്ഥാനത്തായി.

chandrika: