ആര്‍ റിന്‍സ്
ദോഹ
2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്‍ രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിഫ മാന്റില്‍ ഏറ്റുവാങ്ങും.
അമീര്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം അമീര്‍ വീക്ഷിക്കും. കഴിഞ്ഞദിവസം മോസ്‌കോയില്‍ സുപ്രീംകമ്മിറ്റിയുടെ മജ്‌ലിസ് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചിരുന്നു.
അവിടത്തെ ഒരുക്കങ്ങളും ക്രമീകരണങ്ങളും അമീര്‍ ചോദിച്ചറിഞ്ഞു. സംഘാടകരുമായി ആശയവിനിമയം നടത്തി. അമീര്‍ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോദൃശ്യം സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെന്നല്ല, മരുഭൂമിയിലെ തന്നെ ആദ്യലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. സമഗ്രമായ തയാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. കണ്ടെയ്‌നറുകളാല്‍ നിര്‍മിതമാകുന്ന സ്റ്റേഡിയം ഉള്‍പ്പടെ അനേകം വിസ്മയങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തിനായി നല്‍കുന്നത്. രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു.
റഷ്യന്‍ ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്‍ ഖത്തര്‍ ഒരുക്കിയ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 2022 ലോകകപ്പിന്റെ ഒരു ചെറുപതിപ്പ് മനസിലാക്കാനാകും. നാലു വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഖത്തര്‍.
ഇന്നു അമീര്‍ ലോകകപ്പിന്റെ ആതിഥേയത്വം ഏറ്റുവാങ്ങുന്നതോടെ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കു കൂടി കേന്ദ്രീകരിക്കപ്പെടും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ലോകകപ്പാണ് ഖത്തര്‍ വിഭാവനം ചെയ്യുന്നത്. 2010ല്‍ തുടങ്ങിയ തയാറെടുപ്പുകള്‍ ഇപ്പോള്‍ ഉച്ഛസ്ഥായിലാണ്.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ ഖത്തറില്‍ പുരോഗമിക്കുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. 20,000 കോടി യു.എസ് ഡോളറാണ് രാജ്യം ഇതിനായി ചെലവഴിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ നേതൃത്വത്തില്‍ വിസ്മയകരമായ കായികാനുഭവം നല്‍കുകയാണ് ലക്ഷ്യം. ആരെയും അമ്പരപ്പിക്കുന്ന, സവിശേഷമായ പ്രത്യേകതകളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഇവിടെ ഉയരുന്നത്. അറബ് ഗള്‍ഫ് മേഖലയുടേയും ഖത്തറിന്റെയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും സ്റ്റേഡിയങ്ങളെല്ലാം. ഇവയെല്ലാം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍വഖ്‌റ, അല്‍റയാന്‍, അല്‍തുമാമ, അല്‍ഖോറിലെ അല്‍ബയ്ത്ത്്, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍, റാസ് അബുഅബൗദ് എന്നീ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. ഇതില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി കായികലോകത്തിന് അമീര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എട്ടു സ്‌റ്റേഡിയങ്ങളില്‍ ആറെണ്ണവും 2019ല്‍ പൂര്‍ത്തിയാകും. എല്ലാ സ്റ്റേഡിയങ്ങളും ദോഹ ഏരിയ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഒരു സ്‌റ്റേഡിയത്തില്‍ നിന്നും മറ്റൊരു സ്‌റ്റേഡിയത്തിലെത്താം. ഫുട്‌ബോള്‍ ആസ്വദകര്‍ക്ക് ഒരു ദിവസം പരമാവധി മൂന്നു മത്സരങ്ങള്‍ വരെ നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ദോഹ മെട്രോ ലൈന്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദോഹയില്‍ നിരവധി ഫാന്‍സോണുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളെല്ലാം സാമൂഹിക കേന്ദ്രങ്ങളായിക്കൂടി മാറ്റും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായും മിഴിവോടെയും കാണാകുന്നവിധത്തില്‍ എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം. അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ക്രമീകരണങ്ങളും അത്യാധുനികസംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
സ്‌റ്റേഡിയങ്ങളുടെ ഗ്രൗണ്ടില്‍ വിരിക്കാനുള്ള പച്ചപ്പുല്‍ത്തകിടിയിനങ്ങളും ഉടന്‍ അനാവരണം ചെയ്യും. ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളായിരിക്കും സ്റ്റേഡിയങ്ങളുടെ ഗ്രൗണ്ടുകളിലുണ്ടാകുക. ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്‍ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2022നായി എല്ലാവരാലും അടയാളപ്പെടുത്തുന്ന മഹത്തരമായ ലോകകപ്പാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്.