X

ലോകകപ്പ് ഫൈനലില്‍ പിഴവ് പറ്റി; ഒടുവില്‍ തെറ്റ് സമ്മതിച്ച് അമ്പയര്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച തീരുമാനത്തില്‍ പിഴവ് ഏറ്റുപറഞ്ഞ് അമ്പയര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓവര്‍ത്രോ്ക്ക് ആറ് റണ്‍സ് നല്‍കിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അമ്പയര്‍ കുമാര്‍ ധര്‍മസേന. എന്നാല്‍ തനിക്കതില്‍ മനസ്താപമില്ലെന്നും ധര്‍മസേന വ്യക്തമാക്കി. ഫൈനലില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ അവസാന 3 പന്തില്‍ 9 റണ്‍സാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെന്‍ സ്‌റ്റോക്‌സ് രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ എറിഞ്ഞ പന്ത് സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ആയിരുന്നു.

ബാറ്റ്‌സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവര്‍ ത്രോ ഫോര്‍ ഉള്‍പ്പെടെ ധര്‍മസേന 6 റണ്‍സ് അനുവദിച്ചത് മത്സര ഫലത്തില്‍ നിര്‍ണായകമായി. ശരിക്കും അഞ്ചു റണ്‍സ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമണ്‍ ടോഫല്‍ ഉള്‍പ്പെടെയുള്ള അമ്പയര്‍മാര്‍ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമര്‍ശിക്കാന്‍ എളുപ്പമാണ്.

റീപ്ലേ കണ്ടപ്പോള്‍ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അമ്പയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റണ്‍സ് അനുവദിച്ചത്. ആ തീരുമാനത്തെ ഐ.സി.സി അഭിനന്ദിച്ചതുമാണ്’ ശ്രീലങ്കയുടെ മുന്‍ ഓഫ് സ്പിന്നര്‍ കൂടിയായ ധര്‍മസേന പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: