മോസ്‌ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്‍ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ ഗ്രൂപ്പില്‍ വന്നതുമില്ല. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ജൂണ്‍ 14ന് സഊദി അറേബ്യയുമായി കളിക്കും. മോസ്‌ക്കോയിലെ ലുഷിന്‍കി സ്‌റ്റേഡിത്തിലാണ് ഈ മല്‍സരം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ഗ്രൂപ്പ് എഫില്‍ പ്രതിയോഗികള്‍ മെക്‌സിക്കോയും സ്വീഡനും ദക്ഷിണ കൊറിയയും. ശക്തരായ ബ്രസീലാവട്ടെ ഗ്രൂപ്പ് ഇ യിലാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവരാണ് അവരുടെ ആദ്യ റൗണ്ട് പ്രതിയോഗികള്‍. ലിയോ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലാണ്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് എതിരാളികള്‍. ആതിഥേയരായ റഷ്യക്ക് ഗ്രൂപ്പ് എ യില്‍ സഊദി അറേബ്യയും ഈജിപ്തും ഉറുഗ്വേയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയാണ് താരതമ്യേന കടുപ്പം. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും ഒരേ ഗ്രൂപ്പിലാണ്. രണ്ട് കരുത്തരും തമ്മിലുളള മുഖാമുഖം ജൂണ്‍ 15 നാണ്. സൂച്ചിയിലെ ഫിഷ് ഒളിംപിക് സ്‌റ്റേഡിയത്താണ് ഈ സൂപ്പര്‍ അങ്കം. ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ 16ന് ഫ്രാന്‍സ് ഓസ്‌ട്രേലിയയുമായി കളിക്കും. ഡിയില്‍ അര്‍ജന്റീനയുടെ ആദ്യ പ്രതിയോഗി ഐസ്‌ലാന്‍ഡാണ്. 16നാണ് ഈ മല്‍സരം. ഇയില്‍ കളിക്കുന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ 17ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരി
ടും. ചാമ്പ്യന്മാരായ ജര്‍മനിയുടെ ആദ്യ മല്‍സരം 17നാണ്. മെക്‌സിക്കോയാണ് എതിരാളികള്‍. ഫുട്‌ബോളിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിയോഗി ടൂണിഷ്യയാണ്. മല്‍സരം 18ന്. 28ന് ആദ്യ റൗണ്ട് പൂര്‍ത്തിയാവും. ജൂണ്‍ 30 മുതലാണ് നോക്കൗട്ട് ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ ആറിന് ആരംഭിക്കും. സെമി ഫൈനല്‍ വേദികള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗും മോസ്‌ക്കോയുമാണ്. ഫൈനല്‍ മല്‍സരം ജുലൈ 15ന് മോസ്‌ക്കോയില്‍ നടക്കും.
ക്രെംലിന്‍ കൊട്ടാരത്തിലായിരുന്നു നറുക്കെടുപ്പ്. ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയ 32 ടീമുകളുടെ പ്രതിനിധികള്‍, അതത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യം. കളിക്കളത്തിലെ ഇതിഹാസങ്ങളായ പെലെ, ഡിയാഗോ മറഡോണ, ഗോര്‍ഡന്‍സ് ബാങ്ക്‌സ്, റൊണാള്‍ഡോ തുടങ്ങിവര്‍ അതിഥികള്‍. ഇവരെ കൂടാതെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിനും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും. ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്‍നിരക്കാരന്‍ ഗാരി ലിനേക്കറായിരുന്നു ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പിന്റെ അവതാരകന്‍. നാല് പോട്ടുകളിലായിരുന്നു ടീമുകളുടെ പേരുകള്‍. ഓരോ പാത്രത്തിലും എട്ട് ടീമുകള്‍. ആദ്യ പാത്രത്തില്‍ ആതിഥേയരായ റഷ്യക്ക് പുറമെ ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ് എന്നിവര്‍. രണ്ടാം പാത്രത്തില്‍ സ്‌പെയിന്‍, പെറു, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വേ, ക്രൊയേഷ്യ എന്നിവര്‍. മൂന്നാം പാത്രത്തില്‍ ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, കോസ്റ്റാറിക്ക, സ്വീഡന്‍, ടുണിഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്‍ എന്നിവര്‍. നാലാം പാത്രത്തില്‍ സെര്‍ബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, മൊറോക്കോ, പനാമ, ദക്ഷിണ കൊറിയ, സഊദി അറേബ്യ ടീമുകള്‍ എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ്.
- 7 years ago
chandrika
Categories:
Video Stories