X

ഗെയിലാട്ടം : പാകിസ്ഥാനെതിരെ വിന്‍ഡീസിന് മിന്നും ജയം


നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മിന്നുന്ന ജയം. പാകിസ്ഥാനെ 105 റണ്‍സിന് എറിഞ്ഞിട്ട വിന്‍ഡീസ് 13.4 ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിരിക്കെ ലക്ഷ്യം നേടുകയായിരുന്നു. ക്രിസ് ഗെയ്‌ലിന്റെ പ്രായം തളര്‍ത്താത്ത തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിന് അനായാസ ജയമൊരുക്കിയത്. 34 പന്തില്‍ 50 റണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. പാകിസ്ഥാനു വേണ്ടി ആമിര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 21.4 ഓവറില്‍ 105 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമാനും ബാബര്‍ അസമുമാണ് ടോപ് സ്‌കോറര്‍. നാലു വിക്കറ്റുമായി ഓഷോന്‍ തോമസും മൂന്നു വിക്കറ്റുമായി ഹോള്‍ഡറും ചേര്‍ന്ന് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു. റസല്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

ക്രിസ് ഗെയ്‌ലിനു പുറമെ 19 പന്തില്‍ 34 റണ്‍സെടുത്ത പുറനും തിളങ്ങി. വഹാബ് റിയാസിനെ സിക്‌സര്‍ പറത്തി പുറന്‍ തന്നെയാണ് കളി ജയിപ്പിച്ചത്.

അതേസമയം ക്രിസ് ഗെയ്‌ലിനെ തേടി മറ്റൊരു റെക്കോര്‍ഡുമെത്തി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന ഖ്യാതി ഇനി ഗെയ്‌ലിന്റെ പേരിലാണ്. 39 സിക്‌സാണ് ലോകകപ്പുകളില്‍ ഗെയ്ല്‍ നേടിയത്. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സ് നേടിയ 37 സിക്‌സ് എന്ന റെക്കോര്‍ഡാണ് പഴങ്കഥയാവുന്നത്. മൂന്നാമതുള്ളത് മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് ആണ്, 31 സിക്‌സറുകള്‍.

web desk 1: