അബുദാബി: ചരിത്രം സാക്ഷി… ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം ചാമ്പ്യന്മാരായ ജപ്പാനെ മറികടന്ന് (3-1) ഖത്തര്‍ ചരിത്രത്തില്‍ ഇതാദ്യമായി വന്‍കരാ കീരീടം സ്വന്തമാക്കി.
ചാമ്പ്യന്‍ഷിപ്പില്‍ ആരും ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്ന ടീമാണ് ഖത്തര്‍. ഇവിടെ പ്രതികൂല സാഹചര്യങ്ങളില്‍ കളിച്ചത് ഏഴ് മല്‍സരങ്ങള്‍. എല്ലാം മല്‍സരത്തിലും വെന്നികൊടി നാട്ടിയാണ് അവര്‍ കിരീടം നേടുന്നത്. 2022 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന് വന്‍കരാ രാജാക്കന്മാര്‍ എന്ന മഹാഖ്യാതിയില്‍ തന്നെ ഇനി ലോകകപ്പില്‍ പന്ത് തട്ടാം. സൂപ്പര്‍ താരം അലിമോസ് അലി, അബ്ദുള്‍ അസീസ്, അഫീഫ് എന്നിവരായിരുന്നു ഖത്തറിന്റെ ഗോള്‍ വേട്ടക്കാര്‍. മിനാമിനോ ജപ്പാന് വേണ്ടി ഒരു ഗോള്‍ മടക്കി.
ഗംഭീരമായിരുന്നു ഖത്തര്‍. മല്‍സരത്തിന് പന്ത്രണ്ട് മിനുട്ട് മാത്രം പ്രായമായപ്പോല്‍ അല്‍മോസ് അലി എന്ന സൂപ്പര്‍ താരത്തിന്റെ മിന്നും ഗോള്‍. ചാമ്പ്യന്‍ഷിപ്പിലുടനീളം കിടിലന്‍ പ്രകടനം നടത്തിയ സുഡാന്‍ വംശജന്റെ മികവ് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട നിമിഷം. പിറകെ 27-ാം മിനുട്ടില്‍ അബ്ദുള്‍ അസീസിന്റെ ഊഴം. അതും കിടിലന്‍ ഗോള്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഖത്തര്‍ രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ സര്‍വം ജപ്പാനായിരുന്നു. ഖത്തര്‍ പ്രതിരോധ വഴിയിലായി. മിനാമിനോ ജപ്പാന് വേണ്ടി ഒരു ഗോള്‍ മടക്കിയതോടെ ഗ്യാലറി സജീവമായി. പക്ഷേ പ്രതിരോധസമ്മര്‍ദ്ദത്തിലും പ്രത്യാക്രമണത്തില്‍ ഖത്തര്‍ പെനാല്‍ട്ടി നേടി. ജപ്പാന്‍ നായകന്‍ മായാ യോഷിദയുടെ കൈകളില്‍ പന്ത് അബദ്ധത്തിലാണ് തട്ടിയത്. പക്ഷേ വിഡിയോ റഫറല്‍ സമ്പ്രദായം വഴി ഉസ്‌ബെക്ക് റഫറി പെനാല്‍ട്ടി വിധിച്ചു. അഹമ്മദ് ഹസന്‍ അഫീഫ് പന്ത് വലയിലാക്കിയതോടെ ഏഷ്യക്ക്് പുതിയ രാജാക്കന്മാരായി…. ഫിഫ പ്രസിഡണ്ട് ഇന്‍ഫാന്‍ഡിനോ ഉള്‍പ്പെടെ ഉന്നതര്‍ സമ്മാനദാനചടങ്ങിന് എത്തിയിരുന്നു. അലിമോസ് അലിയാണ് മികച്ച താരം.