മുന്‍ ലോകകപ്പുകളില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന തിയറി ഹെന്‍ട്രിക്ക് ഇപ്പോള്‍ ഫ്രഞ്ചുകാരനല്ല. പ്രത്യേകിച്ചും നാളെ നടക്കുന്ന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സ്, ബെല്‍ജിയത്തെ നേരിടുമ്പോള്‍ അദ്ദേഹത്തിന് ഒരിക്കലും ഫ്രഞ്ചുകാരനായിരിക്കാന്‍ സാധിക്കില്ല. അതിലുപരി ഫ്രാന്‍സിനെ എതിരിടുന്ന ബെല്‍ജിയത്തിനൊപ്പം നില്‍ക്കുകയും വേണം. കാരണം എന്താണെന്നല്ലേ…?
2018 ലോകകപ്പില്‍ പ്രമുഖ ടീമുകളെല്ലാം ഒന്നൊന്നായി പുറത്തായപ്പോകുമ്പോഴും താര പ്രഭകൊണ്ടും കളികൊണ്ടും ഹീറോകളായി മാറിയ ബെല്‍ജിയത്തിന്റെ പരിശീലന റോളിലാണ് ഇപ്പോള്‍ തിയറി ഹെന്‍ട്രിയുടെ സ്ഥാനം.
നാളെ ലോകകപ്പില്‍ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും ബെല്‍ജിയവും മുഖാമുഖം വരുമ്പോള്‍ ബെല്‍ജിയത്തിന്റെ മുന്‍നിരക്കാര്‍ക്ക്് തന്റെ രാജ്യത്തിന്റെ പോസ്റ്റിലേക്ക് ഗോളടിക്കാനുളള പാഠങ്ങള്‍ അഭ്യസിപ്പിക്കുകയാണ് ഫ്രാന്‍സിന്റെ ഈ പഴയ ലോകകപ്പ് ഹീറോ തിയറി ഹെന്‍ട്രി.
ലോകകപ്പിന് തൊട്ട് മുമ്പാണ് ഹെന്‍ട്രി സ്‌പെഷ്യല്‍ ഡയരക്ടറായി ടീമിനൊപ്പം ചേര്‍ന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരാവട്ടെ ഗോളുകള്‍ അടിച്ച് കൂട്ടുകയും ചെയ്യുന്നു. ബ്രസീല്‍ വലയിലും നിക്ഷേപിച്ചു രണ്ട് ഗോള്‍…
ഫ്രാന്‍സിന്റെ പ്രതിരോധനിരക്കാരെ കബളിപ്പിക്കാനുളള തന്ത്രങ്ങള്‍ മറ്റാരേക്കാളും ഹെന്‍ട്രിക്കറിയാം. അതിനാല്‍ നാളത്തെ മല്‍സരം ശരിക്കും ഫ്രാന്‍സും -ഫ്രാന്‍സും തമ്മിലാവുകയാണ്. പക്ഷേ ടെന്‍ഷനടിക്കുന്നില്ല ഹെന്‍ട്രി. ഇത് പ്രൊഫഷണല്‍ ജോലിയാണ്. അത് ചെയ്യുന്നു എന്ന് മാത്രം.|