അല്‍ വഖ്‌റയിലെ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30ന് ലോക ചാമ്പ്യന്മാര്‍ ഇറങ്ങുന്നു. ഫ്രാന്‍സിനെതിരെ ഏഷ്യന്‍ പ്രതിനിധികളായ ഓസ്‌ട്രേലിയക്കാര്‍. ഒറ്റനോട്ടത്തില്‍ ഫ്രാന്‍സ് ജയിക്കുമെന്ന് പറയാം.
പക്ഷേ നാല് വര്‍ഷം മുമ്പ് അവര്‍ക്ക് ലോകകപ്പ് സമ്മാനിച്ച സംഘത്തിലെ പല പ്രമുഖരും പുറത്താണ്. ഏറ്റവുമവസാനം പരിക്കില്‍ പുറത്തായിരിക്കുന്നത് ഇത്തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ മാജിക് മുന്‍നിരക്കാരന്‍ കരീം ബെന്‍സേമ. ഫ്രാന്‍സിന്റെ ഹീറോകളായ പോള്‍ പോഗ്ബ, എന്‍കോളോ കാന്റെ, ക്രിസ്റ്റഫര്‍ നകുനു എന്നിവര്‍ നേരത്തെ പുറത്തായിട്ടുണ്ട്. 2021-22 സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 46 മല്‍സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട് കരീം. ജര്‍മന്‍ ലീഗില്‍ ലീപ്‌സിഗിനായി കളിക്കുന്ന നകുനുവും അപാര ഫോമിലായിരുന്നു. സീസണില്‍ 48 ഗോളുകളില്‍ നകുനുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കിലിയന്‍ എംബാപ്പേയിലാണ് ടീമിന്റെ കാര്യമായ പ്രതീക്ഷ. ഒപ്പം അന്റോണിയോ ഗ്രീസ്മാനും ഒലിവര്‍ ജിറോര്‍ഡും ഇറങ്ങും. പ്ലേ ഓഫില്‍ പെറുവിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചെത്തിയവരാണ് ഓസ്‌ട്രേലിയക്കാര്‍. മന്‍ വലന്‍സിയ, ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ മാറ്റ് റിയാനാണ് ടീമിലെ പ്രമുഖന്‍.