X

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് വീണ്ടും കേരത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് സംസ്ഥാനത്തെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും.

ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. എട്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ഇവര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുക. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സംഘം കേരളത്തിലെത്തുന്നത്.

5000 കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയെടുക്കാനാണ് സംസ്ഥാന ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. പ്രളയത്തില്‍ നശിച്ച റോഡ്, പാലം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ 20000 കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ നാലില്‍ ഒന്ന് ലോകബാങ്കില്‍ നിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ലോകബാങ്ക് സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. വിശദമായ വിലയിരുത്തല്‍ നടത്തുമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്. നേരത്തെ ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേന്ദ്രസര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി സഹായവും, യുഎന്‍ സഹായവും സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാടും കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ കേന്ദ്രം അഞ്ഞൂറ് കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുവദിച്ച നൂറ് കോടിയും ലഭിക്കുമെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് തിരിച്ചു പോയ ശേഷം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ സഹായങ്ങള്‍ക്ക് പുറമെ ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രവിഹിതമായി അനുവദിച്ചിരുന്നു. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്നും അനുവദിച്ചു. കേന്ദ്രം അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞുപോയെന്നും കേരളത്തിന് കരകയറാന്‍ ഇനിയും വലിയ സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണെന്നുമാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട്.

chandrika: