കൊച്ചി: ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രി ജി.സുധാകരന്‍ ക്ഷമാപണം നടത്തിയിട്ടും അയയാതെ ലോക ബാങ്ക് അധികൃതര്‍. കേരളത്തിലെ മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് അറിയിച്ച് ലോകബാങ്ക് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞത് ഗൗരവമായി കാണുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.എസ്.ടി.പി പദ്ധതിക്കുള്ള വായ്പക്കു പുറമെ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റ് പദ്ധതികള്‍ക്കു വായ്പ നല്‍കുന്നതു പുനഃപരിശോധിക്കേണ്ടി വരുമെന്നും കത്തില്‍ പറയുന്നു. അതേസമയം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ടി.പി അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ ടീം ലീഡര്‍ ബെര്‍ണാര്‍ഡ് അരിട്വക്കെതിരെയാണ് മന്ത്രി സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. വായ്പക്കും ടീം ലീഡര്‍ക്കുമെതിരെ മന്ത്രി തന്നെ രംഗത്തുവരുന്നത് ഇടതു സര്‍ക്കാറിന്റെ പൊതു നിലപാടിന്റെ ഭാഗമാണിതെന്നാണ് ലോകബാങ്ക് വിലയിരുത്തല്‍.