പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാനൊരുങ്ങുന്നു. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താനാണ് നീക്കം.
അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാവും വായ്പ ആവശ്യപ്പെടുക. 20,000 കോടിയോളം ഇതിന് ചിലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തെ സഹായിക്കാന്‍ ലോകബാങ്ക് നേരത്തെതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
യു.എ.ഇയില്‍ നിന്നുള്ള 700 കോടി രൂപ അടക്കമുള്ള വിദേശ സഹായം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെയാണ് കേരളം വിവിധ ഏജന്‍സികളെ സമീപിക്കുന്നത്.