ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്‍പിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ശ്രീകാന്തിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. സ്‌കോര്‍: 14-21, 18-21. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു. ടൂര്‍ണമെന്റ് എട്ടാം സീഡായ ശ്രീകാന്തിന് ഒന്നാം ഗെയിമില്‍ മാത്രമാണ് കാര്യമായി ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞത്. ഒരുവേള 8-8 എന്ന സ്‌കോറില്‍ ഒപ്പമെത്തിയ ശ്രീകാന്തിന് പിന്നീട് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഏകപക്ഷീയമായി മുന്നേറിയ മത്സരത്തിന്റെ അവസാനത്തില്‍ മാത്രമാണ് ശ്രീകാന്തിന് തിരിച്ചുവരാനായത്. ഏഴ് തവണ തുടര്‍ച്ചയായി പോയിന്റ് കരസ്ഥമാക്കിയ ശ്രീകാന്തിന്റെ മുന്നേറ്റം 18 പോയിന്റില്‍ അവസാനിച്ചു. ഒരിക്കല്‍ പോലും വാന്‍ ഹോ ലീഡ് വിട്ടുകൊടുത്തതുമില്ല. ശ്രീകാന്തിനെതിരെ സണ്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്‍പത് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലു തവണ ശ്രീകാന്തിനായിരുന്നു ജയം. ഈ വര്‍ഷം നടന്ന ഇന്തോനേഷ്യന്‍ ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ശ്രീകാന്തിനായിരുന്നു ജയം. വനിതാ വിഭാഗത്തില്‍ ചൈനയുടെ സണ്‍ യുവിനെ 21-14, 21-9 എന്ന സ്‌കോറിനാണ് സിന്ധു കീഴടക്കിയത്. ആദ്യ സെറ്റില്‍ തുടക്കത്തില്‍ അല്‍പം പതര്‍ച്ച നേരിട്ട സിന്ധു പിന്നീട് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ സിന്ധു. രണ്ടാം ഗെയിം അനായാസം കൈയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്ന് പോയിന്റുകള്‍ നേടിയാണ് രണ്ടാം ഗെയിമും ഒപ്പം മത്സരവും സിന്ധു നേടിയത്. ചൈനീസ് താരത്തിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സണിനെ തോല്‍പിച്ചത്.സെമി ഫൈനല്‍ പ്രവേശം നേടിയതോടെ സിന്ധു മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ ലഭിക്കും. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നില്‍ കൂടുതല്‍ തവണ മെഡല്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് ഇരുപത്തിരണ്ടുകാരിയായ സിന്ധു. 2014ല്‍ നടന്ന കോപ്പന്‍ഹേഗന്‍, 2013ല്‍ നടന്ന ഗ്വാങ്ഷു ലോക ചാമ്പ്യന്‍ഷിപ്പുകളിലാണ് സിന്ധു ഇതിന് മുന്‍പ് വെങ്കല മെഡല്‍ നേടിയത്. ചൈനയുടെ ഒന്‍പതാം സീഡ് യുഫെയ് ചെന്നാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.
- 7 years ago
chandrika