X
    Categories: CultureMoreViews

കഠ്‌വയിലെ പെണ്‍കുട്ടിയുടെ ഉമ്മക്ക് രാജ്യത്തോട് പറയാനുള്ളത്

ശ്രീനഗര്‍: കഠ്‌വയില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഉമ്മക്ക് രാജ്യത്തോട് പറയാനുള്ളത് നിസ്സഹായതയുടെ വാക്കുകളാണ്. ഞങ്ങള്‍ ദുഃഖിതരാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് നീതിവേണം-അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

അതിനിടെ കഠ്‌വ കേസ് വിചാരണക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 90 ദിവസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്ന കോടതി സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കോടതി സ്ഥാപിക്കുന്നത്.

കേസിലുള്‍പ്പെട്ട പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പൊലീസ് ഓഫീസര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് കജൂരിയ, സുരേന്ദ്ര വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത എന്നിവരാണ് കേസിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍.

കഠ്‌വ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി റാലി നയിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചൗധരി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. എന്നാല്‍ ഇവരെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്ത് വന്നിരുന്നു. ഇവര്‍ പ്രതികളെ സംരക്ഷിക്കാനല്ല ജനങ്ങളെ ശാന്തരാക്കാനാണ് റാലിയില്‍ അണിനിരന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: