X

മരംമുറി സര്‍ക്കാര്‍ അറിഞ്ഞു തന്നെ; ബെന്നിച്ചന്‍ തോമസിന്റെ കത്ത് പുറത്ത്, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രേഖകള്‍

തിരുവനന്തപുരം: ബേബി ഡാമിനു സമീപത്തെ മരംമുറി അനുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി രേഖകള്‍. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് മരം മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വനംവകുപ്പില്‍ നല്‍കിയ കത്തില്‍ പറയുന്നു.

ഇതോടെ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊരാക്കുടുക്കിലായിരിക്കുകയാണ്. ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ തന്നെ ആ ആവശ്യമുയര്‍ത്തി ജല വകുപ്പിലേക്ക് ഫയലെത്തിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ മെയ് 23നാണ് ഫയല്‍ ജലവകുപ്പിന്റെ കൈവശമെത്തിയത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

ഇതോടെ മുല്ലപ്പെരിയാര്‍ മരംമുറിയില്‍ ഫയല്‍ ഇല്ലെന്നും യോഗം ചേര്‍ന്നിട്ടില്ലെന്നുമുള്ള ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുകയാണ്. നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്‍കിയുള്ള യോഗം ചേര്‍ന്നിട്ടില്ലെന്നാണ് മന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മെയ് 23 മുതല്‍ പല തവണ ഈ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നതിന്റെ രേഖകളാണ് ഇപ്പോള്‍ വെളിപ്പെട്ടത്.

സെപ്തംബര്‍ 15നും ഒക്ടോബര്‍ 17നും ചേര്‍ന്ന യോഗങ്ങളില്‍ ജലവകുപ്പുമായി ചേര്‍ന്ന് ധാരണയിലെത്തിയ ശേഷമാണ് 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കുന്നു. മരംമുറിക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

ബേബി ഡാം ബലപ്പെടുത്താന്‍ വേണ്ടി 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കിയ ബെന്നിച്ചന്‍ തോമസിനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ അഞ്ചു മാസങ്ങളിലായി പല വട്ടം ജലവിഭവ വകുപ്പുമായി യോഗം ചേര്‍ന്ന് ധാരണയിലെത്തിയ ശേഷമാണ് ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് കത്തില്‍ പറഞ്ഞു. ഇതോടെ സംഭവത്തില്‍ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍.

web desk 1: