X

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈ ല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് തൃണമൂല്‍ കോ ണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഉദാഘാടനം ചെയ്യവെ മമത വ്യക്തമാക്കി. ഏകാധിപത്യ രീതിയിലാണു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണമെന്നു മമത ബാനര്‍ജി ആരോപിച്ചു.

കേന്ദ്രത്തില്‍നിന്നു ബി. ജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ആരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുത്. എന്റെ മൊബൈല്‍ കണക്ഷന്‍ എടുത്തുകളഞ്ഞാലും ശരി, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ല അവര്‍ പറഞ്ഞു. തീര്‍ത്തും ഏകാധിപത്യപരമായ ഭരണമാണ് ബിജെപിയുടേത്. അവര്‍ക്കെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമര്‍ശനം ഉയര്‍ത്തിയാല്‍ അവരെ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ശക്തിയുക്തം പോരാടാനാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനമെന്നും മമത വ്യക്തമാക്കി. ഞങ്ങള്‍ ഭീരുക്കളല്ല. ഭരണത്തിലെത്തിയില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ തൃണമൂല്‍ നടത്തും. ഇന്ത്യ കണ്ട വലിയ അഴിമതിയാണ് നോട്ട് നിരോധനം. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്, ബി.ജെ. പി നേതാവ് യശ്വന്ത് സിന്‍ഹ തുടങ്ങിയവരെല്ലാം നോട്ട് നിരോധനത്തെ വിമര്‍ശിച്ചതും മമത ചൂണ്ടി ക്കാട്ടി.

chandrika: