X
    Categories: CultureViews

‘2019-ല്‍ ഭരണം പിടിക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ല’ – സോണിയ ഗാന്ധി

മുംബൈ: 2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണെന്ന് സോണിയ ഗാന്ധി. ഭയവും ഭയപ്പെടുത്തലുമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ സോണിയ പറഞ്ഞു. ദീര്‍ഘ കാലത്തിനു ശേഷമാണ് സോണിയ ഒരു പൊതു പരിപാടിയില്‍ സംബന്ധിക്കുന്നത്.

‘നമ്മുടെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണ്. ഇന്ന് നമ്മള്‍ പിന്നോട്ടുള്ള സഞ്ചാര ഗതിയിലാണ് നമ്മള്‍. ഭീതിയും ഭയപ്പെടുത്തലുമാണ് ഇന്നത്തെ രീതി. എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. മതവികാരം ആളിക്കത്തിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനു വേണ്ടി മാത്രം സമൂഹം വിഭജിക്കപ്പെടുന്നു.’

പാര്‍ലമെന്റിലെ ഭൂരിപക്ഷം, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും സോണിയ പറഞ്ഞു. ‘പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നമുക്ക് അനുവാദം ലഭിക്കുന്നില്ലെങ്കില്‍ എന്തു കൊണ്ട് പാര്‍ലമെന്റ് അടച്ചിട്ട് നമുക്കെല്ലാം വീട്ടില്‍ പോയിക്കൂടാ?… വാജ്‌പേയിയെ പോലെയല്ല, ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റ് നടപടികളെ ബഹുമാനിക്കുന്നില്ല.’

നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിനു മുമ്പ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന ബി.ജെ.പിയുടെ ആരോപണത്തെ സോണിയ രൂക്ഷമായി എതിര്‍ത്തു. ‘2014 മെയ് 26-നു മുമ്പ് രാജ്യം ഒരു വലിയ തമോ ഗര്‍ത്തം ആയിരുന്നോ? വെറും നാലു വര്‍ഷം കൊണ്ടാണോ ഇന്ത്യ ക്ഷേമത്തിലേക്കും മഹത്വത്തിലേക്കും സഞ്ചരിക്കാന്‍ തുടങ്ങിയത്? നമ്മുടെ ജനങ്ങളുടെ ബുദ്ധിവൈഭവത്തെ അപഹസിക്കുന്നതിന് തുല്യമല്ലേ അത്?’

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ തലത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിശാല താല്പര്യം പരിഗണിച്ച് പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമെന്നും സോണിയ പറഞ്ഞു: ‘ഞങ്ങള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. അവരെ (ബി.ജെ.പി) അധികാരത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’

ചന്ദ്രിക വെബ് ഡെസ്‌ക്‌: