X

ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കില്ല; തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സഹായധനം സ്വീകരിക്കില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സഹായം തേടി മന്ത്രിമാര്‍ വിദേശയാത്ര നടത്താനുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു. യാത്രയുടെ കാര്യത്തില്‍ ചട്ടങ്ങള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ദുരിതാശവാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനുമായി മന്ത്രിമാര്‍ വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിദേശയാത്ര നടത്തി പണം കണ്ടെത്താനായിരുന്നു മന്ത്രിമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കേന്ദ്രം നിലപാട് സ്വീകരിച്ചാല്‍ അത്തരം നടപടിയും ഒഴിവാക്കേണ്ടി വരും.

കേരളത്തെ സഹായിക്കാന്‍ യു.എ.ഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവന്നിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്രസഭയും കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടേത് അടക്കം സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കണമോ വേണ്ടയോ എന്നത് കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതോടെ നിലപാടില്‍ അയവ് വരുത്തില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു വ്യക്തമാക്കുകയായിരുന്നു.

chandrika: