അഷ്റഫ് തൈവളപ്പ്
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ ശിരോവസ്ത്രങ്ങള്‍ക്കും സ്‌കാര്‍ഫുകള്‍ക്കും വിലക്ക്. പര്‍ദ്ദ, സാരി, നൈറ്റി, ചുരിദാര്‍, ഷോള്‍, സ്‌കാര്‍ഫ്, ജീന്‍സ്, കാര്‍ഗോ പാന്റ്, ഷര്‍ട്ട്, മുണ്ട് തുടങ്ങിയ വസ്ത്രങ്ങളും വാട്ടര്‍ റൈഡുകള്‍ ഉപയോഗിക്കുമ്പോള്‍ ധരിക്കാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തിലാവും. ശിരോവസ്ത്രം, സ്‌കാര്‍ഫ്, സാരി, ഷോളുകള്‍ എന്നിവക്ക് മറ്റു റൈഡുകളിലും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശകരുടെ സുരക്ഷയും ശുചിത്വവും മുന്‍നിര്‍ത്തിയാണ് വസ്ത്രധാരണ നിബന്ധനകള്‍ ബാധകമാക്കിയതെന്നാണ് വണ്ടര്‍ലാ അധികൃതരുടെ വിശദീകരണം. പൂര്‍ണമായും പോളിസ്റ്റര്‍, നൈലോണ്‍ വസ്ത്രങ്ങള്‍ മാത്രമേ വാട്ടര്‍ റൈഡുകളില്‍ അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ വസ്ത്രധാരണ നിബന്ധനകള്‍ ബാധകമാണ്.
ഈ വസ്ത്രങ്ങള്‍ക്ക് പകരമായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുളള വസ്ത്രങ്ങള്‍ വണ്ടര്‍ലാ പാര്‍ക്കിനുള്ളിലെ ഷോപ്പുകളില്‍ ലഭിക്കുമെന്നാണ് വിശദീകരണം. ഇതിന് പ്രത്യേക നിരക്കുകള്‍ ഈടാക്കും. വസ്ത്രധാരണ നിബന്ധനകളെക്കുറിച്ചുളള വിവരങ്ങള്‍ പാര്‍ക്കിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വണ്ടര്‍ലാ പാര്‍ക്കുകളുള്ളത്.