ഉമ്മന്‍ ചാണ്ടി
(മുന്‍ മുഖ്യമന്ത്രി)
കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ നയിച്ച, സമുദായാചാര്യനാണെങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരം നേടിയ, ദേശീയതാത്പര്യങ്ങളും സംസ്ഥാന താത്പര്യങ്ങളും സംരക്ഷിച്ച, ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച വിസ്മയകരമായ ജീവിതം. ഇതുപോലൊരു നേതാവ് അപൂര്‍വം!
പാണക്കാട് കുടുംബത്തില്‍നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന് പല റോളുകളില്‍ അനായാസം പകര്‍ന്നാടാന്‍ കഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നതില്‍ തങ്ങള്‍ സഹോദരന്മാര്‍ വഹിച്ച പങ്ക് കേരളം മറക്കില്ല.
എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ്. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.ഡി.എഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന ഒരു വാക്കോ, പ്രവര്‍ത്തിയോ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് വിള്ളലുകളെ ഇണക്കിച്ചേര്‍ക്കാനും മുറിവുകളെ ഉണക്കാനുമാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. രാജ്യം വലിയ വെല്ലുവിളികളിലൂടെ കടന്നപോകുകയും വിഭാഗീയത അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്ത ഈ കാലഘട്ടത്തില്‍ മുറിവുണക്കാനും സാന്ത്വനം പകരാനും കഴിവുള്ളവരെയാണ് നമുക്ക് ആവശ്യമുള്ളത്. അപൂര്‍വമായുള്ള അത്തരക്കാര്‍ കൊഴിഞ്ഞുപോകുമ്പോള്‍, ഇനി എവിടെ നിന്നാണ് സാന്ത്വനവും ആശ്വാസവും കടന്നുവരുക എന്നറിയാതെ പകച്ചുപോകും.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.
അതേസമയം, സാധരണക്കാരും പാവപ്പെട്ടവരുമായ അനേകായിരങ്ങള്‍ എത്തുന്ന സ്ഥലം കൂടിയാണ് കൊടപ്പനയ്ക്കല്‍. അവരുടെ ഓരോരുത്തരുടെയും പ്രശ്‌നത്തില്‍ ഇടപെടുകയും ആവുന്നത്ര സഹായം എത്തിക്കുകയും ചെയ്യുന്ന തങ്ങള്‍ ഇനിയില്ല എന്നത് അവര്‍ക്ക് താങ്ങാനാവുന്നതല്ല. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന കഴിഞ്ഞ 12 വര്‍ഷം കേരള രാഷ്ട്രീയം സംഭവബഹുലമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഈ കാലഘട്ടത്തില്‍ പല രാഷ്ട്രീയ അഗ്‌നിപരീക്ഷണങ്ങളും ഉണ്ടായപ്പോള്‍ ഹൈദരലി തങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സഹായകരമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഊറ്റമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും എപ്പോഴും ലഭ്യമായിരുന്നു. ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് ഏറെ ശക്തയാര്‍ജിച്ചു. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ നേതാവു കൂടിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള നേതാക്കളുടെ അകാലവിയോഗം മുന്നണിയില്‍ ഏല്‍പിക്കുന്ന ആഘാതത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം വേണ്ടിവരും. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു. ഏതു സമയത്തും കൊടപ്പനയ്ക്കലിലേക്ക് കടന്നു ചെല്ലാനും ഏതു വിഷയവും സംസാരിക്കാനുള്ള ബന്ധം ഉണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെയും മുന്നണിയെയും കൂടുല്‍ കെട്ടുറപ്പോടെ നയിക്കാന്‍ അതു സഹായിക്കുകയും ചെയ്തിട്ടുണ്ട്.